കൊളംബോ : പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രക്ഷോഭകര്‍. പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവരേയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. അതിനാല്‍ രാജി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണിവര്‍.
പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വീടുകള്‍ സമരക്കാര്‍ കൈയേറിയിരുന്നു. ഇരുവരും ചേര്‍ന്ന് ഈ രാജ്യത്തെ വിറ്റെന്ന് പ്രതിഷേധക്കാരിൽ ഒരാളായ അകുഷ്‌ല ഫെർണാണ്ടോ പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയക്കാരേക്കാള്‍ അധികാരം ജനങ്ങള്‍ക്കാണെന്ന് കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: രാജപക്‌സെയുടെ വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി പ്രതിഷേധക്കാർ
ജൂലൈ 13 ന് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന് ഗോതബായ രാജപക്‌സെ അറിയിച്ചതായി സ്പീക്കർ മഹിന്ദ യാപ അബേവർധനയെ ഉദ്ധരിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആറ് മാസത്തോളം തങ്ങള്‍ ഇവിടെ തുടരുമെന്നാണ് പ്രതിഷേധക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്ത് ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രസിഡന്‍റിന്‍റെ വസതി വളഞ്ഞ ജനക്കൂട്ടം വീട്ടില്‍ പ്രവേശിച്ച് അക്ഷരാര്‍ഥത്തില്‍ ആറാടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.