കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിലക്കയറ്റം രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ ഭക്ഷ്യ സാധനങ്ങൾക്ക് വില വർധിക്കുന്നു. 450 ഗ്രാം ബ്രെഡിന്‍റെ വില ബുധനാഴ്‌ച(13.07.2022) അർധരാത്രി മുതൽ 20 രൂപ വർധിക്കും. മറ്റ് ബേക്കറി ഉത്‌പന്നങ്ങൾക്കും 10 രൂപ വരെ വർധിക്കും. ഗോതമ്പ് മാവിന്‍റെ വിലയിലുണ്ടായ വർധനവാണ് ബേക്കറി ഉത്‌പന്നങ്ങൾക്ക് വില കൂടാൻ കാരണമെന്ന് വ്യവസായ സംഘടന അറിയിച്ചു.
30 രൂപയാണ് ഒരു കിലോഗ്രാം ഗോതമ്പ് മാവിന് ഒറ്റയടിക്ക് കൂടിയത്. വിപണിയിൽ ഒരു കിലോഗ്രാമിന് 84.50 രൂപയായിരുന്ന ഗോതമ്പ് പൊടിയ്‌ക്ക് ഇപ്പോൾ 300 രൂപയാണ് വില. ഡോളറിന് എതിരെ ശ്രീലങ്കൻ രൂപയുടെ മൂല്യം 400 രൂപയിൽ എത്തിയിട്ടില്ല. എന്നാൽ പ്രാദേശിക വിപണിയിൽ ഗോതമ്പ് മാവിന്‍റെ വില 300 രൂപയായി ഉയർന്നതോടെ 400 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
സ്വാതന്ത്ര്യ ലബ്‌ദിക്ക് ശേഷമുള്ള ഏറ്റവും ദുരിതമേറിയ നാളുകളിലൂടെയാണ് 22 ദശലക്ഷം വരുന്ന ശ്രീലങ്കൻ ജനത കടന്നുപോകുന്നത്. ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യ വസ്‌തുക്കളും രാജ്യത്തെ ജനങ്ങൾക്ക് കിട്ടാക്കനിയാണ്. ഇന്ധനക്ഷാമം കാരണം സ്‌കൂളുകൾ മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. ഇന്ധനക്ഷാമം കാരണം രോഗികൾക്ക് ആശുപത്രിയിലേക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
ശനിയാഴ്‌ച(9.07.2022) മുതൽ പ്രതിഷേധാനുകൂലികൾ തലസ്ഥാനത്തെ മൂന്ന് പ്രധാന കെട്ടിടങ്ങളായ രാഷ്‌ട്രപതിയുടെ വസതി, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസ് എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കനത്ത പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്‌ച രാജിവയ്‌ക്കാമെന്ന് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ അറിയിച്ചിട്ടുണ്ട്.