കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രിലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആക്‌ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ. ഞായറാഴ്‌ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ജൂലൈ 20ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തിങ്കളാഴ്‌ച(18.07.2022) രാവിലെ മുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നു. പൊതു സുരക്ഷ, ക്രമസമാധാന പാലനം, അവശ്യ സാധനങ്ങളുടെ വിതരണവും സേവനവും ഉറപ്പാക്കൽ എന്നിവ മുൻനിർത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പ്രസിഡന്‍റ് പറയുന്നു. നിലവിലെ സാമൂഹിക അശാന്തിയും സാമ്പത്തിക പ്രതിസന്ധിയും മറിക്കടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചൊവ്വാഴ്‌ച(19.07.2022) മുതൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സ്വീകരിക്കും. ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നാണ് വിവരം. മാലിദ്വീപിലേക്ക് നാടുവിട്ട മുൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയും കുടുംബവും നിലവിൽ സിംഗപ്പൂരിലാണെന്നാണ് വിവരം.