കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ആക്‌ടിങ് പ്രസിഡന്‍റ് എന്ന അധികാരം ഉപയോഗിച്ചാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘർഷ മേഖലകളില്‍ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയും കുടുംബവും പ്രത്യേക വിമാനത്തില്‍ ലങ്കയില്‍ നിന്ന് മാലിദ്വീപിലേക്ക് കടന്നത്. അതിനിടെ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടേയും പ്രസിഡന്‍റിന്‍റേയും രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം ശക്തമായി. പ്രക്ഷോഭകർ ഇന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ സൈന്യം ഇടപെട്ടു. രാജിവെയ്‌ക്കാൻ സന്നദ്ധനാണെന്നും എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തിയുള്ള സർക്കാർ അധികാരത്തില്‍ വരുമെന്നും വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.