ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് പിന്തുണയുമായി ഇന്ത്യ. സാമ്പത്തിക മേഖലയിൽ സ്ഥിരത കൈവരിക്കാൻ ശ്രീലങ്കയക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്ര പരമായ ബന്ധമുള്ള അയൽ രാജ്യമെന്ന നിലയിൽ പ്രതിസന്ധി മറികടക്കാൻ ശ്രിലങ്കൻ ജനതയ്ക്കൊപ്പമുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതിസന്ധികള്‍ മറികടക്കുന്നതിന് 3.5 ഡോളറിന്‍റെ സഹായം ഇതുവരെ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയിട്ടുണ്ട്. കൂടാതെ ഭക്ഷണം മരുന്നുകള്‍ തുടങ്ങിയ അവശ്യ വസ്‌തുകളും എത്തിച്ചിട്ടുണ്ട്. ഇനിയും സഹായം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുകയാണ്. ഭരണപക്ഷ നേതാക്കളുടെ വീടിന് നേരെ കലാപാരികള്‍ തീവെയ്‌പ്പ് നടതിയതായാണ് റിപ്പോർട്ടുകള്‍. കലാപം തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്‌ച പിൻവലിക്കേണ്ടിയിരുന്ന കർഫ്യൂ ബുധനാഴ്‌ച (11.05.2022 ) വരെ നീട്ടിയിട്ടുണ്ട്.
രജപക്സെ രാജിവച്ചതോടെ രാജ്യത്തിന്‍റെ നിയന്ത്രണം പ്രസിഡന്‍റും മഹിന്ദയുടെ ഇളയ സഹോദരനുമായ ഗോതബായ രജപക്‌സെയുടെ കൈകളിലാണ്. മെയ് 17ന് മുൻപ് വീണ്ടും പാർലമെന്‍റ് ചേരണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പാർലമെന്‍റ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന് സ്‌പീക്കർ മഹിന്ദ യാപ്പ അബേവർധനയും പ്രസിഡന്‍റിനോട് അഭ്യർഥിച്ചു.