ജൂബ: ദക്ഷിണ സുഡാൻ പ്രസിഡന്‍റ് സാൽവ കിർ (71) ദേശീയഗാനത്തിന് എഴുന്നേറ്റു നില്‌ക്കുന്നതിനിടെ മൂത്രം ഒഴിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആറ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 13 ന് പൊതുപരിപാടിയിലാണ് സംഭവം നടന്നത്. പ്രസിഡന്‍റ് മൂത്രമൊഴിക്കുന്ന വീഡിയോ പകർത്തിയത് സൗത്ത് സുഡാൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനാണ്.
ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരിൽ നാഷണൽ ബ്രോഡ്‌കാസ്റ്ററിലെ ആറ് ജീവനക്കാരെയാണ് നാഷണൽ സെക്യൂരിറ്റി സർവീസ് കസ്റ്റഡിയിലെടുത്തത്. ജേക്കബ് ബെഞ്ചമിൻ, മുസ്‌തഫ ഒസ്‌മാൻ, വിക്‌ടർ ലാഡോ, ജോവൽ ടോംബെ, ചെർബെക്ക് റൂബൻ, ജോസഫ് ഒലിവർ എന്നിവരാണ് അറസ്റ്റിലായ എസ്എസ്‌ബിസി മാധ്യമപ്രവർത്തകർ.
എന്നാൽ എസ്എസ്‌ബിസി ചാനൽ വീഡിയോ സംപ്രേഷണം ചെയ്‌തിട്ടില്ലാത്ത സാഹചര്യത്തിൽ വീഡിയോയുടെ റിലീസിന് പിന്നിൽ ആരാണെന്ന് ഉടൻ അന്വേഷിച്ച് കണ്ടെത്താൻ സൗത്ത് സുഡാനിലെ മാധ്യമപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. 2011ൽ സുഡാനിൽ നിന്ന് വേർപിരിഞ്ഞ ശേഷം അന്നുമുതൽ ദക്ഷിണ സുഡാനില്‍ അധികാരത്തിലുള്ള ഏക പ്രസിഡന്‍റാണ് സാൽവ കിർ.