ടോക്കിയോ : ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങ് സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ച് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. സെപ്റ്റംബര്‍ 27നാണ് ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങ്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിച്ചതിനേക്കാളും കൂടുതല്‍ തുക ഇതിനായി ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
166 കോടി ജാപ്പനീസ് യെന്‍ ആണ് ആബെയുടെ സംസ്‌കാര ചടങ്ങിനായി സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിച്ചത് 130 കോടി യെന്നില്‍ താഴെയാണെന്നാണ് കണക്കാക്കുന്നത്. ആബെയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിനെതിരെ ജപ്പാനില്‍ പ്രതിഷേധ റാലികള്‍ നടന്നു.
ടോക്കിയോ ഒളിമ്പിക്‌സിനായി 1,300 കോടി അമേരിക്കന്‍ ഡോളര്‍ ജപ്പാന്‍ ചെലവാക്കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യം കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയാണ് ഈ തുക. ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള കരാര്‍ നല്‍കിയത് മുരയാമ എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിക്കാണ്.
സംസ്‌കാര ചടങ്ങുകള്‍ക്ക് മാത്രം 25 കോടി യെന്‍ ചെലവാകുമെന്ന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരൊക്കസു മത്‌സുനൊ വ്യക്തമാക്കി. ചടങ്ങുകള്‍ക്കായുള്ള സുരക്ഷയ്‌ക്ക് 80 കോടി യെന്‍ ചെലവാകും. ലോക നേതാക്കള്‍ക്ക് ആതിഥേയത്വം ഒരുക്കുന്നതിനായി അറുപത് കോടിയും ചെലവഴിക്കും.
ചടങ്ങുകള്‍ക്കുള്ള മൊത്ത ചെലവ് 170 കോടി യെന്‍ വരെ ആയേക്കാമെന്നും ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. ഷിന്‍സോ ആബെയ്‌ക്ക് സര്‍ക്കാര്‍ സംസ്‌കാര ചടങ്ങ് (State Funeral) നടത്തുന്നതില്‍ പ്രതിഷേധിച്ച് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നില്‍ ഒരാള്‍ സ്വയം തീക്കൊളുത്തി മരിച്ചിരുന്നു. ഈ വര്‍ഷം ജൂലായിലാണ് ഷിന്‍സോ ആബെ കൊല്ലപ്പെടുന്നത്.