ഇസ്‌ലാമാബാദ് : അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 140 മില്യൺ ഡോളറിന്‍റെ സമ്മാനങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നതിന് പകരം മറിച്ചുവിറ്റെന്നാണ് ആരോപണം.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ സര്‍ക്കാരിന്‍റെ ഉപഹാര ശേഖരമായ തോഷ - ഖാനായിലേക്ക് (tosha-khana) കൈമാറണമെന്നാണ് നിയമം. എന്നാല്‍, വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദുബൈയിലെ ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ ആരോപണം.
വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്നില്‍ ക്ഷണിക്കപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഷെഹ്ബാസ് ഇക്കാര്യമുന്നയിച്ചത്. ഇക്കാര്യം തനിയ്‌ക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഡയമണ്ട് ആഭരണങ്ങൾ, വളകൾ, വാച്ചുകൾ എന്നിങ്ങനെ വിലപ്പെട്ട സമ്മാനങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. ഇത് ദേശീയ ഖജനാവിന് നഷ്‌ടമുണ്ടാക്കുന്നതിന് ഇടവരുത്തി.
വിദേശ സന്ദർശന വേളയിൽ തനിക്ക് ഒരിക്കൽ വാച്ച് ലഭിക്കുകയുണ്ടായി.എന്നാല്‍, താന്‍ ഇത് തോഷ ഖാനയിൽ നിക്ഷേപിച്ചു. തനിക്ക് ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇമ്രാന്‍ ഖാനെതിരെ പാകിസ്ഥാൻ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു.