ലണ്ടൻ : ഈ വർഷത്തെ ബുക്കർ പുരസ്‌കാരം സ്വന്തമാക്കി ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലക. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ മരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ആത്മാവിന്‍റെ സഞ്ചാരങ്ങളുടെ കഥപറയുന്ന ആക്ഷേപഹാസ്യ നോവലായ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ'യാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനർഹനാക്കിയത്.
1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡയുടെ കഥ മുന്നേറുന്നത്. സ്വവർഗാനുരാഗിയായ യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം.
ഏഴ് രാത്രികൾ മാത്രമാണ് മാലിക്ക് മരണാനന്തര ജീവിതമുള്ളത്. ഈ കാലയളവിനിടെ പ്രിയപ്പെട്ടവരിലേക്ക് വീണ്ടും എത്താനും തന്‍റെ രാജ്യത്തെ പോരാട്ടത്തിന്‍റെ ക്രൂരത ചിത്രീകരിക്കുന്ന ഒളിഞ്ഞിരിക്കുന്ന ഫോട്ടോകളിലേക്ക് അവരെ നയിക്കാനും മാലി നടത്തുന്ന പോരാട്ടമാണ് നോവലില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്‌കാരവും സമ്മാനത്തുകയായ 50,000 പൗണ്ടും ഷെഹാൻ കരുണതിലക ഏറ്റുവാങ്ങി. ഇംഗ്ലീഷ് നോവലുകൾക്ക് നൽകുന്ന പുരസ്‌കാരമാണ് ബുക്കർ പ്രൈസ്. ഇത്തവണ 6 പേരായിരുന്നു ഫൈനൽ റൗണ്ടിൽ എത്തിയിരുന്നത്.
തന്‍റെ രണ്ടാമത്തെ നോവലിൽ തന്നെ ബുക്കർ പ്രൈസ് സ്വന്തമാക്കാൻ സാധിച്ചു എന്ന വലിയ നേട്ടവും ഷെഹാൻ കരുണതിലക ഇതോടൊപ്പം സ്വന്തമാക്കി. 2010ൽ പുറത്തിറങ്ങിയ ‘ചൈനമാൻ : ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്‍റെ ആദ്യ നോവൽ. നോവലുകൾക്ക് പുറമേ റോക്ക് ഗാനങ്ങളും തിരക്കഥകളും യാത്രാവിവരണങ്ങളും കരുണതിലക എഴുതിയിട്ടുണ്ട്.