ലണ്ടൻ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഡിഎൻഎ കണ്ടെത്തി, പരിണാമ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് ശാസ്‌ത്ര ലോകം. രണ്ട് ദശലക്ഷം വർഷം പഴക്കമുള്ള ഡിഎൻഎയാണ് ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയത്. ഇതിന് മുൻപ് ഉണ്ടായിരുന്ന ഒരു ദശലക്ഷം വർഷം മുൻപുള്ള ഡിഎൻഎ എന്ന റെക്കോഡാണ് ഈ കണ്ടെത്തലിലൂടെ തകർത്തത്.
കേംബ്രിഡ്‌ജ് സർവകലാശാലയിലെ സെന്‍റ് ജോൺസ് കോളേജിലെ പ്രൊഫസർ എസ് കെ വില്ലേഴ്‌സ്‌ലെവ്, കോപ്പൻഹേഗൻ സർവകലാശാലയിലെ ലണ്ട്‌ബെക്ക് ഫൗണ്ടേഷൻ ജിയോജനറ്റിക്‌സ് സെന്‍ററിലെ ജിയോളജി വിദഗ്‌ധൻ കർട്ട് എച്ച് കെജെർ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്‌ഞരുടെ സംഘമാണ് കണ്ടെത്തൽ നടത്തിയത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, സൈബീരിയൻ മാമോത്ത് അസ്ഥിയിൽ നിന്ന് കണ്ടെടുത്തതായിരുന്നു ഒരു ദശലക്ഷം പഴക്കമുള്ള ഡിഎൻഎ സാമ്പിളുകൾ. എന്നാൽ വടക്കൻ ഗ്രീൻലാൻഡിലെ ഹിമയുഗ അവശിഷ്‌ടത്തിൽ നിന്നും കണ്ടെത്തിയ ഡിഎൻഎയുടെ സൂക്ഷ്‌മ ശകലങ്ങൾക്ക് രണ്ട് ദശലക്ഷം പഴക്കമുണ്ട്.
20,000 വർഷത്തിലേറെ പഴക്കമുള്ള അവശിഷ്‌ടത്തിൽ ആഴത്തിൽ കുഴിച്ചിട്ട നിലയിലാണ് പുരാതന ഡിഎൻഎ സാമ്പിളുകൾ കണ്ടെത്തിയത്. രണ്ട് ദശലക്ഷം വർഷമായി മനുഷ്യ ശല്യമില്ലാതെ മഞ്ഞിൽ നശിക്കാതെ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു അവശിഷ്‌ടങ്ങളെന്ന് പ്രൊഫസർ കെജെർ പറഞ്ഞു. അതേസമയം അക്കാലത്ത് ഗ്രീൻലാൻഡിലെ കാലാവസ്ഥ ഇന്നത്തെ ഗ്രീൻലാൻഡിനേക്കാൾ വ്യത്യസ്‌തവുമായിരുന്നു. 10 -17 ഡിഗ്രി സെൽഷ്യസ് ചൂട് അക്കാലത്ത് കൂടുതലായിരുന്നു.
റെയിൻഡിയർ, മുയലുകൾ, ലെമ്മിങ്‌സ്, ബിർച്ച്, പോപ്ലർ മരങ്ങൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ, സസ്യങ്ങൾ, സൂക്ഷ്‌മാണുക്കൾ എന്നിവയുടെ തെളിവുകൾ ശാസ്‌ത്രജ്ഞർ കണ്ടെത്തി. ഹിമയുഗ സസ്‌തനിയായ മാസ്റ്റോഡോണിന്‍റെ സാന്നിധ്യം വംശനാശം സംഭവിക്കുന്നതിന് മുമ്പ് ഗ്രീൻലാൻഡിലുണ്ടായിരുന്നതായും ഗവേഷകർ കണ്ടെത്തി. ഇന്നത്തെ ആഗോളതാപനത്തിന്‍റെ ദീർഘകാല പാരിസ്ഥിതിക ആഘാതം പ്രവചിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
രണ്ട് ദശലക്ഷം വർഷം പഴക്കമുള്ള സാമ്പിളുകൾ ഇന്നും നിലനിൽക്കുന്ന ജീവിവർഗങ്ങളുടെ ഡിഎൻഎയുടെ പരിണാമത്തിൽ മുമ്പ് അറിയപ്പെടാത്ത ഒരു ഘട്ടത്തിന്‍റെ ചിത്രം നിർമ്മിക്കാനും വഴിത്തിരിവാകുമെന്ന് ശാസ്‌ത്ര ലോകം പ്രതീക്ഷിക്കുന്നു.