ന്യൂയോര്‍ക്ക്: മരിയുപോള്‍ തുറമുഖ നഗരം റഷ്യ പൂര്‍ണമായി പിടിച്ചടക്കിയതോടെ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതി പൂര്‍ണമായി തടയപ്പെടുമെന്ന് ആശങ്ക. തെക്കന്‍ യുക്രൈനിലെ തുറമുഖങ്ങള്‍ വഴിയാണ് യുക്രൈന്‍ കൂടുതലായും ആഗോള വിപണിയിലേക്ക് ഭക്ഷ്യ ധാന്യ കയറ്റുമതി നടത്തുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ ധാന്യ കയറ്റുമതി നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുക്രൈന്‍. ഗോതമ്പ്, ചോളം, ബാര്‍ലി എന്നിവ വലിയ അളവില്‍ ലോക വിപണയില്‍ എത്തിക്കുന്നത് യുക്രൈനാണ്.
നിലവില്‍ തന്നെ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതി വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ഇത് ലോക വ്യാപകമായി ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. റഷ്യ മരിയുപോള്‍ പൂര്‍ണമായി പിടിച്ചടക്കിയത് സ്ഥിഗതികള്‍ ഗുരുതരമാക്കുമെന്ന ആശങ്കയാണ് ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികള്‍ പങ്കുവെക്കുന്നത്.
നടത്തുന്നത് ഭക്ഷ്യസുരക്ഷയ്‌ക്കെതിരായ യുദ്ധം: മരിയുപോളിലെ വിശലമായ അസോവ്‌സ്റ്റാള്‍ ഉരുക്ക് നിര്‍മാണശാല പിടിച്ചടക്കികൊണ്ട് നഗരത്തെ പൂര്‍ണമായും റഷ്യ പിടിച്ചെടുത്തത് ഇന്നലെയാണ്(18.05.2022). യുക്രൈനിലെ തെക്കന്‍ തീരം പൂര്‍ണമായും റഷ്യ തടഞ്ഞത് കാരണം ദശലക്ഷകണക്കിന് ടണ്‍ ധാന്യങ്ങളാണ് കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ കെട്ടികിടക്കുന്നത്. ഇത് ലോകത്തിലെ പല രാജ്യങ്ങള്‍ക്കും കടുത്ത ഭക്ഷ്യധാന്യ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്‌ടര്‍ ഡേവിഡ് എം ബീസ്‌ലി ആഗോള ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.
തുറമുഖങ്ങള്‍ തുറന്നുകൊടുക്കാതിരിക്കുകയാണെങ്കില്‍ അത് ആഗോള ഭക്ഷ്യ സുരക്ഷയ്‌ക്കെതിരായി നടത്തുന്ന യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമവും , അരക്ഷിതാവസ്ഥയും, പലായനവുമായിരിക്കും പല രാജ്യങ്ങളിലും ഇതുണ്ടാക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മരിയുപോളിലെ യുക്രൈന്‍ സൈന്യത്തിന്‍റെ അവസാന ചെറുത്തുനില്‍പ്പ് അസോവ്സ്‌റ്റാള്‍ ഉരുക്ക് നിര്‍മാണ് ശാലയില്‍ നിന്നായിരുന്നു.
എന്നാല്‍ അവിടെ ഇതുവരെ 1,000 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ആഗോളസമ്പദ് വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി7 രാജ്യങ്ങള്‍ ഈ ആഴ്‌ച ജര്‍മനിയില്‍ യോഗം ചേരുന്നുണ്ട്.