കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ നിര്‍മിത ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. കീവിലടക്കം യുക്രൈനിലുടനീളം മിസൈല്‍ ആക്രമണം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് യുദ്ധമുഖത്തിന് അപ്പുറത്തേക്ക് ഇത്തരത്തിലുള്ളൊരു ആക്രമണം റഷ്യ നടത്തുന്നത്.
കഴിഞ്ഞ ആഴ്‌ചയുണ്ടായ ആക്രമണത്തില്‍ 19 പേരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആക്രമണത്തിലെന്ന പോലെ ഇത്തവണയും വൈദ്യുതി നിലയങ്ങളും മറ്റ് ഊര്‍ജ ഉത്‌പാദന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുമായിരുന്നു ആക്രമണം. യുക്രൈനിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശമായ സുമിയിലും മിസൈല്‍ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
കമിക്കാസസ് എന്നറിയപ്പെടുന്ന ഇറാനിയന്‍ നിര്‍മിത ഡ്രോണുകളാണ് ആക്രമണം നടത്താന്‍ ഉപയോഗിച്ചത്. ആകാശത്ത് നിന്ന് അതിന്‍റെ ലക്ഷ്യത്തിലേക്ക് പതിച്ചുകൊണ്ടു പൊട്ടിത്തെറിക്കുകയാണ് ഈ ഡ്രോണ്‍ ചെയ്യുന്നത്. ഇതിന് ത്രികോണ ആകൃതിയിലുള്ള ചിറകാണ് ഉള്ളത്. 36 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്‌തുക്കള്‍ വഹിക്കാന്‍ കഴിയും. ഇതിന്‍റെ ആക്രമണ പരിധി 2,414 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ സാധിക്കും.
കമിക്കാസസ് ഡ്രോണുകള്‍ റഷ്യയ്‌ക്ക് നല്‍കിയ ഇറാനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടു. ഊര്‍ജ നിലയങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ആക്രമണത്തില്‍ ലക്ഷ്യം വച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.