കീവ് (യുക്രൈൻ): റഷ്യ പിടിച്ചെടുത്ത മേഖലകളിൽ വൻ മുന്നേറ്റം നടത്തി യുക്രൈൻ സേന. ആക്രമണം രൂക്ഷമായ പ്രധാന തുറമുഖ നഗരമായ ഖേർസണിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറായി റഷ്യ. കഴിഞ്ഞ മാസം ഹിത പരിശോധന നടത്തി റഷ്യ കൂട്ടിച്ചേർത്തതായി അവകാശപ്പെടുന്ന പ്രദേശമാണ് ഖേർസൺ.
ഇവിടെ അക്രമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റണമെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന ഗവർണർ നിർദേശിച്ചിരുന്നു. ജനങ്ങൾക്ക് അഭയം നൽകാനായി റഷ്യയുടെ സഹായവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖേർസണിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യ തയ്യാറായത്.
റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്‌നുലിനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഖേർസണിൽ നിന്നെത്തുന്നവർക്ക് സൗജന്യ താമസവും റഷ്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഖേർസണിൽ നിന്ന് ജനങ്ങളെ റഷ്യൻ പ്രദേശങ്ങളായ റോസ്‌തോവ്, ക്രാസ്നോദർ, സ്‌റ്റാവ്രോപോൾ എന്നിവിടങ്ങളിലേക്ക് ഒഴിപ്പിക്കാൻ തീരുമാനമെടുത്തതായി റഷ്യൻ സൈനിക മേധാവി വ്ളാഡിമിർ സാൽഡോ പറഞ്ഞു.
ഖേർസൺ മേഖലയിലെ നാല് നഗരങ്ങളിലാണ് വ്യാപക ആക്രമണം നടന്നത്. ഖേർസൺ, നോവ കഖോവ്ക, ഹലോ പ്രിസ്‌താൻ, ചോർനോബൈവ്ക എന്നിവിടങ്ങളിലാണ് രൂക്ഷമായ മിസൈൽ ആക്രമണം നടന്നത്. ഈ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.
ഇവിടങ്ങളിലെ യുക്രൈൻ വിമത ഭരണകൂടത്തിന്‍റെ തലവന്മാർ റഷ്യയുമായി ലയനഉടമ്പടി ഒപ്പിടുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിൽ ഖേർസൺ ഇപ്പോൾ യുക്രൈൻ തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.