കീവ് (യുക്രൈന്‍): റഷ്യൻ സൈനികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി. കീവിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ റഷ്യ സാധാരണക്കാരെ കൊന്നൊടുക്കിയ സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രഖ്യാപനം. ഇന്നലെ മാത്രം നൂറ് കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് യുക്രൈനില്‍ നിന്നും കണ്ടെത്തിയത്.
സിവിലിയൻ കൊലപാതകങ്ങൾക്കും റഷ്യ വലിയ വില നൽകേണ്ടിവരുമെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ കൂടുതൽ ഉപരോധത്തിന് ശ്രമിക്കുകയാണ്. റഷ്യക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുവാൻ യുക്രൈൻ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
വംശഹത്യയാണ് റഷ്യ നടത്തിയതെന്ന് സെലൻസ്കി ആരോപിച്ചു. പുടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. വിഷയം യു.എൻ സുരക്ഷ കൗണ്‍സിലിന് മുമ്പാകെ ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ് സെലൻസ്കി. എന്നാല്‍, സെലൻസ്‌കിയുടെ കുറ്റാരോപണങ്ങൾ റഷ്യ നിഷേധിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും ക്രിമിനൽ മനോഭാവമുള്ളവരെയാണ് വകവരുത്തിയതെന്നും റഷ്യ ആരോപിച്ചു. റഷ്യൻ സൈന്യം അതിക്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും, ഇതിനുള്ള തെളിവുകൾ സുരക്ഷ കൗൺസിലിന് മുൻപാകെ സമർപ്പിക്കുമെന്നും റഷ്യ അറിയിച്ചു.
also read: നാറ്റോയിൽ യുക്രൈൻ അംഗമാകരുത്, റഷ്യ വെടിനിർത്തലിന് തയ്യാറാകണം: സീതാറാം യെച്ചൂരി