ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി തുർക്കി സ്വദേശിനി റുമേസ ഗെൽഗി ഗിന്നസ് ബുക്കിൽ ഇടം നേടി. തുർക്കിയിലെ സഫ്രാൻബോളു ജില്ലയിൽ ജനിച്ച 26കാരിയായ റുമേസയ്‌ക്ക് ഉയരം 7 അടി 0.7 ഇഞ്ച് ആണ്. അപൂർവ രോഗം ബാധിച്ച യുവതി നിരന്തരം നിരവധി ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട്.
ആരാഗ്യ പ്രതിസന്ധികൾ ഉണ്ടെങ്കിലും റുമേസ ഗെൽഗിയുടെ പേരിലുള്ളത് അഞ്ച് ലോക റെക്കോർഡുകളാണ്. ഉയരമുള്ള സ്‌ത്രീ എന്നതിന് പുറമെ വലിയ കൈകൾ, നീളം കൂടിയ വിരലുകൾ, നീളം കൂടിയ നട്ടെല്ല് എന്നിവയെല്ലാം ഈ ഇരുപത്തിയാറുകാരിയുടെ റെക്കോഡുകളാണ്. ബുദ്ധിമുട്ടുകൾക്കിടയിലും പഠനത്തിൽ മുകവ് പുലർത്തിയിരുന്ന യുവതി വെബ് ഡെവലപ്പറായി ജോലി ചെയ്‌ത് വരുന്നു.
വീവേഴ്‌സ് സിൻഡ്രോം മാറ്റിയെഴുതിയ ജീവിതം: നാല് മാസം പ്രായമുള്ളപ്പോഴാണ് റുമേസയ്‌ക്ക് വീവേഴ്‌സ് സിൻഡ്രോം എന്ന അപൂർവ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. വീവേഴ്‌സ് സിൻഡ്രോം ഒരു ജനിതക രോഗമാണ്. ഈ രോഗം ബാധിച്ചവർക്ക് അസ്ഥികളിൽ അധിക വളർച്ചയുണ്ടാകും.
രോഗത്തെ തുടർന്ന് റുമേസയ്‌ക്ക് ആറാം വയസിൽ അഞ്ചടി എട്ട് ഇഞ്ച് ഉയരമാണ് ഉണ്ടായിരുന്നത്. ചെറിയ പ്രായത്തിൽ തന്നെ മുതിർന്ന ആളുകളുടെ ശരീരപ്രകൃതിയായിരുന്നു റുമേസയുടേത്. ലോകത്താകമാനം 50 പേർക്ക് മാത്രമാണ് ഈ രോഗം ബാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
അതിജീവനത്തിനായി നിരന്തര പോരാട്ടം: അപൂർവ രോഗം കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിരന്തരം പോരാടിയ പെൺകുട്ടികൂടിയാണ് റുമേസ ഗെൽഗി. ഹൃദയത്തന്‍റെ പ്രവർത്തനം ദുർബലമാണെന്ന് മാത്രമല്ല, ഉയരക്കൂടുതൽ കാരണം നട്ടെല്ല് ഒരു വശത്തേക്ക് വളഞ്ഞിരിക്കുന്നതും റുമേനിയയുടെ ആരോഗ്യ പ്രതിസന്ധികളാണ്. നട്ടെല്ലിന്‍റെ വളവ് കാൽനടയാത്ര പോലും ദുഷ്‌കരമാക്കി.
ശരീരത്തിന്‍റെ പല ഭാഗങ്ങളിലും സ്‌ക്രൂകളും ഇരുമ്പുകമ്പികളും ഉപയോഗിച്ചാണ് നടത്തം ഉൾപ്പടെ റുമേസ നിത്യജീവിതത്തിലെ പല കാര്യങ്ങളും പൂർത്തിയാക്കുന്നത്. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് തന്നെ മറ്റ് കുട്ടികളെ പോലെ ആയിരുന്നില്ല റുമേസയുടെ കുട്ടിക്കാലം. വീട്ടിൽ തന്നെ ഇരുന്നുള്ള പഠനം മൂലം ശാരീരിക ആയാസമുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരം കുറവായിരുന്നെങ്കിലും മധുരമുള്ള വാക്കുകൾ കൊണ്ട് നിരവധി സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ റുമേസയ്‌ക്ക് സാധിച്ചു.
യാത്ര ചെയ്യാൻ പ്രത്യേക വാൻ: ഉയരക്കൂടുതൽ കാരണം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ കുടുംബാംഗങ്ങൾ അവൾക്കായി പ്രത്യേകം ഒരു വാൻ തയ്യാറാക്കിയിട്ടുണ്ട്. ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടായതിനാൽ വാഹനത്തിൽ തന്നെ കിടന്നുറങ്ങാനുള്ള സജീകരണവും വാനിലുണ്ട്. തുർക്കിഷ് എയർ എന്ന എയർലൈൻ കമ്പനിയാണ് ആറ് സീറ്റുകൾ സ്‌ട്രെച്ചറാക്കി മാറ്റി റുമേസയുടെ യാത്ര എളുപ്പമാക്കിയത്.
വെബ് ഡെവലപ്പറായി പ്രചോദനം: ജീവിതത്തിലുടനീളം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും റുമേസ പഠനത്തിൽ ഒട്ടും തന്നെ പുറകോട്ടായിരുന്നില്ല. കാലിഫോർണിയയിൽ ഒരു വെബ് ഡെവലപ്പറായി ജോലി ലഭിച്ച റുമേസ തന്‍റെ ദൈനംദിന പ്രവർത്തനങ്ങളുടെയും യാത്രകളുടെയും വിശദാംശങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. ആളുകൾ ശാരീരിക അവസ്ഥ നോക്കി ഒരാളെ വിലയിരുത്തുന്ന ചിന്താഗതി മാറണമെന്ന് ആഗ്രഹിക്കുന്ന ഈ പെൺകുട്ടി നിരവധിപേർക്ക് പ്രചോദനം കൂടിയാണ്.