ന്യൂയോർക്ക് : ടെസ്‌ല റോബോട്ടിന്‍റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് പരിക്ക് (tesla factory engineer attacked by robot). ഓസ്റ്റിനിലെ ടെസ്‌ലയുടെ ഗിഗ ടെക്‌സാസ് ഫാക്‌ടറിയിലാണ് സംഭവം. പ്രവർത്തനം തകരാറിലായ റോബോട്ട് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
ജീവനക്കാരനെ റോബോട്ട് ഞെരിക്കുകയും പുറത്തും കൈയിലുമായി ലോഹ നഖങ്ങൾ ആഴ്‌ത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജീവനക്കാരൻ. കാറുകൾക്ക് ആവശ്യമായ ഘടകഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനായുള്ള റോബോട്ട് ആയിരുന്നു ഇത്.
അറ്റകുറ്റപ്പണികൾക്കായി രണ്ട് റോബോട്ടുകൾ പ്രവർത്തനരഹിതമാക്കിയപ്പോൾ, മൂന്നാമത്തേത് അബദ്ധത്തിൽ സജീവമായതാണ് സംഭവത്തിനിടയാക്കിയത്. സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ എഞ്ചിനീയറെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ, ഇത് 2021 ൽ നടന്ന സംഭവമാണെന്നാണ് കമ്പനിയിലെ ഇഞ്ച്വറി റിപ്പോർട്ടുകളിൽ പറയുന്നത്. വിഷയത്തെ കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ അമേരിക്കൻ ഓട്ടോമോട്ടീവ്, ക്ലീൻ എനർജി കമ്പനിയായ ടെസ്‌ല ഇതുവരെ തയ്യാറായിട്ടില്ല.
യുഎസ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്‌മിനിസ്ട്രേഷനിൽ (ഒഎസ്എച്ച്എ) ലഭ്യമായ കണക്കുകൾ പ്രകാരം ഗിഗ ടെക്‌സാസിൽ കഴിഞ്ഞ വർഷം 21 തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ, പ്രവർത്തനങ്ങൾ എന്നിവയിൽ കമ്പനി പലപ്പോഴും വിട്ടുവീഴ്‌ച ചെയ്യുന്നതായും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്നുവെന്നും ടെസ്‌ലയിലെ നിരവധി തൊഴിലാളികൾ പരാതിപ്പെടുന്നു.