ഹൈദരാബാദ് : ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് സുനക്. 200 വര്‍ഷത്തിന് ശേഷം ബ്രിട്ടന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും അദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള 100 കണ്‍സര്‍വേറ്റീവ് എം.പി മാരുടെ പിന്തുണ ഉറപ്പാക്കാനാകാതെ മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ബോറിസ് ജോണ്‍സണും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡൗണ്ടും പിന്മാറിയതോടെയാണ് പ്രധാനമന്ത്രി പദം സുനകിന് സ്വന്തമായത്. കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ലഭിക്കേണ്ട സമയപരിധി കഴിഞ്ഞതോടെയാണ് നൂറിലേറെ പിന്തുണ ലഭിച്ച ഋഷി സുനക് സ്ഥാനം ഉറപ്പിച്ചത്.
കഴിഞ്ഞ ദിവസം തന്നെ 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ഉറപ്പാക്കിയതോടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുകള്‍ എളുപ്പമായെന്നുള്ള ആശ്വാസത്തിലായിരുന്നു സുനക്. അതിന് പിന്നാലെയാണ് പിന്തുണ ലഭിക്കാതെ എതിരാളികളായ ബോറിസ് ജോണ്‍സണിന്‍റെയും പെനി മോര്‍ഡൗണ്ടിന്‍റെയും പിന്മാറ്റം. സുനകിന് 155 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ 57 പേര്‍ മാത്രമാണ് ബോറിസ് ജോണ്‍സണെ തുണച്ചത്.
എതിരാളിയായ പെനി മോര്‍ഡൗണ്ടിന് ലഭിച്ചതാകട്ടെ വെറും 30 പേരുടെ പിന്തുണ മാത്രം. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ 44 ദിവസം മാത്രം നീണ്ട ഭരണത്തിന് ശേഷമുള്ള രാജിയാണ് ആ പദവിയിലേക്ക് ഇപ്പോള്‍ സുനകിന് അവസരമൊരുക്കിയത്. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ലിസ് ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലെ താളപ്പിഴയാണ് അവരുടെ രാജിയിലേക്ക് നയിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കരകയറ്റുമെന്ന വാഗ്‌ദാനവുമായി അധികാരത്തിലെത്തിയ ലിസ് ട്രസിന് 40 ദിവസം പിന്നിടുമ്പോഴേക്കും പണപ്പെരുപ്പം നിയന്ത്രിക്കാനാവാത്തതുമൂലം രാജിവയ്‌ക്കേണ്ടി വന്നു. ബ്രിട്ടന്‍റെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായ ലിസ് ട്രസ് ഏറ്റവും കുറഞ്ഞകാലം ആ സ്ഥാനത്തിരുന്ന വ്യക്തിയുമായി.
അധികാരത്തിലെത്തിയാല്‍ ഉടന്‍ നികുതി വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ലിസ് ട്രസിന്‍റെ പ്രഖ്യാപനം. ഭരണത്തിലേറിയതോടെ നടപ്പിലാക്കിയ അത്തരം സാമ്പത്തിക നയങ്ങളും പരിഷ്‌കാരങ്ങളും സമ്പദ് രംഗത്തെ കൂപ്പുകുത്തിച്ചു. അങ്ങനെ രാജ്യം നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥ ലിസ് ട്രസിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കുകയും ചെയ്തു.
ലിസ് ട്രസിന്‍റെ ഭരണം രാജ്യത്തിന് സമ്മാനിച്ച കടുത്ത പ്രതിസന്ധി ഋഷി സുനകിലൂടെ നികത്താനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ജനം. അതേസമയം തന്‍റെ കഴിവും പ്രാപ്‌തിയും രാജ്യത്തിന് രക്ഷയാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഋഷി സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയെന്നതാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വേളയില്‍ തന്നെ ഋഷി സുനക് വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഒക്‌ടോബര്‍ 28ന് അധികാരമേല്‍ക്കും.