ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണത്തിന് കൂടിയാണ് അന്ത്യമാകുന്നത്. സ്‌കോട്ട്ലന്‍റിലെ ബാൽമോറൽ കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം അന്തരിക്കുമ്പോൾ 96 വയസായിരുന്നു എലിസബത്ത് രാജ്ഞിക്ക്.
ലണ്ടനിലെ മെയ്ഫെയറിലെ 17 ബ്രുട്ടൻ സ്ട്രീറ്റിലുള്ള വസതിയിൽ 1926 ഏപ്രിൽ 21ന് ജോര്‍ജ് ആറാമന്റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് രാജ്ഞിയുടെയും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി എലിസബത്ത് അലക്‌സാൻഡ്ര മേരി ജനിച്ചു. ഇരുവരുടെയും മൂത്ത മകള്‍. ഒരിക്കൽ രാജ്ഞിയാകുമെന്ന് എലിസബത്തോ അവളുടെ കുടുംബമോ അക്കാലത്ത് പ്രതീക്ഷിച്ചിരുന്നില്ല.
എലിസബത്ത് രാജകുമാരിക്കും 1930ൽ ജനിച്ച ഏകസഹോദരി മാർഗരറ്റ് രാജകുമാരിക്കും, അമ്മയുടെയും ആയ മരിയോൺ ക്രോഫോർഡിന്‍റെയും മേൽനോട്ടത്തിൽ വീട്ടിൽ തന്നെയായിരുന്നു വിദ്യാഭ്യാസം. കുതിരകളെയും നായ്ക്കളെയും വളരെയധികം ഇഷ്‌ടമായിരുന്ന എലിസബത്ത്, കുട്ടിക്കാലം മുതൽതന്നെ അച്ചടക്കവും ഉത്തരവാദിത്തവും പ്രകടിപ്പിച്ചിരുന്നു. "ഒരു തമാശക്കാരിയായ പെൺകുട്ടി, എന്നാൽ അടിസ്ഥാനപരമായി വിവേകവും നല്ല പെരുമാറ്റവും" എന്നായിരുന്നു എലിസബത്തിന്‍റെ സ്വഭാവത്തെ കസിൻ മാർഗരറ്റ് റോഡ്‌സ് വിശേഷിപ്പിച്ചത്. ബന്ധുക്കളോടൊപ്പമുള്ള സാധാരണ ജീവിതമായിരുന്നു എലിസബത്ത് രാജകുമാരി പ്രതീക്ഷിച്ചിരുന്നത്.
1936 ഡിസംബറിൽ എല്ലാം മാറിമറിഞ്ഞു. ജോർജ് ആറാമന്‍റെ പിതാവായിരുന്ന ജോർജ് അഞ്ചാമന്‍റെ മരണത്തോടെ രാജാവായ എലിസബത്തിന്‍റെ അമ്മാവൻ എഡ്വേർഡ് വിവാഹമോചനത്തിനും അതിനെ തുടർന്നുണ്ടായ ഭരണഘടനാപ്രതിസന്ധിക്കും പിന്നാലെ രാജിവച്ചു. ഇത് എലിസബത്തിന്‍റെ പിതാവ് ജോർജ് ആറാമന് ബ്രിട്ടന്‍റെ സിംഹാസനത്തിലേക്കുള്ള വഴി തുറന്നുകൊടുത്തു.
1939ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത്, എലിസബത്ത് കാനഡയിലേക്ക് പോകുന്നതിന് പകരം ഇംഗ്ലണ്ടിൽ തുടരുകയും സൈന്യത്തിൽ ചേരുകയും ചെയ്‌തു. കൗമാരപ്രായത്തിൽ തന്നെ ഡ്രൈവറായും മെക്കാനിക് ആയുമുള്ള പരിശീലനത്തിനിടെ ഓക്‌സിലറി ടെറിട്ടോറിയൽ സർവീസിൽ സേവനമനുഷ്‌ഠിച്ചു. 1940ൽ, തന്‍റെ 14-ാം വയസിൽ, എലിസബത്ത്, നഗരങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.
"ധീരരായ നാവികരെയും സൈനികരെയും വ്യോമസേനയെയും സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. യുദ്ധം വരുത്തിവയ്ക്കുന്ന അപകടത്തിന്‍റെയും സങ്കടത്തിന്‍റെയും പങ്ക് വഹിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഒടുക്കം എല്ലാം ശരിയാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം" എലിസബത്ത് പറഞ്ഞു. കൗമാരപ്രായത്തിൽ തന്നെ, 1939ൽ കണ്ടുമുട്ടിയ ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് മൗണ്ട് ബാറ്റണുമായി എലിസബത്ത് പ്രണയത്തിലായി.
1947 നവംബറിൽ, 21-ാം വയസിൽ എലിസബത്ത്, റോയൽ നേവിയിൽ യുവ ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിച്ചു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു ഇരുവരുടെയും വിവാഹം. 1948ൽ ഇരുവർക്കും ആദ്യ പുത്രനായി ചാൾസ് ജനിച്ചു. ചാൾസിനെ കൂടാതെ ആൻ രാജകുമാരി (1950), ആൻഡ്രൂ രാജകുമാരൻ (1960), എഡ്വേർഡ് രാജകുമാരൻ (1964) എന്നിവരും ഇരുവർക്കും ജനിച്ചു.
1952ൽ പിതാവ് ജോർജ് ആറാമൻ കാൻസർ ബാധിച്ച് മരണമടഞ്ഞതിന് പിന്നാലെ 1952 ഫെബ്രുവരി ആറിന് മൂത്ത മകളായ എലിസബത്ത് അധികാരത്തിലെത്തി. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം. തുടർന്ന് ഏഴ് പതിറ്റാണ്ടോളം കോമൺവെൽത്തിന്‍റെ തലവയായി സേവനമനുഷ്‌ഠിച്ചു. രാജ്ഞി തന്‍റെ ഭരണകാലത്ത് നൂറുകണക്കിന് വിദേശ സന്ദർശനങ്ങൾ നടത്തുകയും ഒന്നിലധികം സ്വതന്ത്ര രാജ്യങ്ങളില്‍ ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്ര തലവയുമായി.
1953ൽ രാജ്ഞിയും ഭർത്താവ് ഫിലിപ്പും ഏഴ് മാസത്തെ ലോക പര്യടനം നടത്തി. 13 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ കര, കടൽ, ആകാശം എന്നിവയിലൂടെ 40,000 മൈലുകൾ സഞ്ചരിച്ചു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടന്‍റെ ആദ്യ ഭരണാധികാരിയായി എലിസബത്ത് മാറി.
1957ൽ അമേരിക്ക സന്ദർശിച്ച രാജ്ഞി, അവിടെവച്ച് കോമൺവെൽത്ത് ഗെയിംസിന് വേണ്ടി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്‌തു. 1961ൽ സൈപ്രസ്, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഇറാൻ എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തി. തെക്കേ അമേരിക്കയും (1968ൽ) പേർഷ്യൻ ഗൾഫ് രാജ്യങ്ങളും (1979ൽ) സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരിയായി.
Also Read: എലിസബത്ത് രാജ്ഞിക്ക് കണ്ണീരോടെ വിട ; ചാൾസ് അടുത്ത രാജാവ്
രാജ്ഞിയുടെ ഭരണത്തിൽ സാങ്കേതികവും വ്യാവസായികവുമായ വികസനത്തിലും ലോകമെമ്പാടുമുള്ള സാമ്പത്തിക സാമൂഹിക ജീവിതത്തിലും ഉൾപ്പടെ നിരവധി മേഖലകളിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. എലിസബത്ത് 1977ൽ തന്‍റെ ഭരണത്തിന്‍റെ രജത ജൂബിലിയും 2002ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. 2012ൽ ഭരണത്തിന്‍റെ 60 വർഷങ്ങൾ പൂർത്തിയാക്കി.
2021 ഏപ്രിലിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ മരിച്ചു. എലിസബത്ത് രാജ്ഞിയുമായുള്ള വിവാഹത്തിന് 73 വർഷങ്ങൾക്ക് ശേഷമായിരുന്നു ഫിലിപ്പ് രാജകുമാരന്‍റെ വിയോഗം. വിക്‌ടോറിയ രാജ്ഞിയ്ക്ക് ശേഷം അധികാരത്തിലിരിക്കെ വൈധവ്യം വരിക്കുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.
2007 ഡിസംബറിൽ എലിസബത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച ബ്രിട്ടീഷ് ഭരണാധികാരിയായി മാറി. 2015 സെപ്‌റ്റംബർ 9ന് ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരിയും ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയും ലോകത്തിലെ വനിത രാഷ്ട്രത്തലവയുമായി.
2017ൽ സഫയർ ജൂബിലി ആഘോഷിച്ചു. ഇത് ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ബ്രിട്ടീഷ് രാജകുടുംബം ഈ വർഷം ജൂണിൽ നടത്തിയിരുന്നു. നാല് ദിവസം നീണ്ടുനിന്ന ചടങ്ങുകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
രാജ്ഞിയാകുമെന്ന് വിദൂര പ്രതീക്ഷ പോലുമില്ലാതിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന് 70 വർഷക്കാലം ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ച അസാധാരണ ജീവിതത്തിലേക്കുയര്‍ന്ന വ്യക്തിത്വമാണ് വിട പറഞ്ഞത്.