ന്യൂഡൽഹി: ശരീരത്തിലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുന്നതും നിയന്ത്രണാതീതമാകുന്നതുമാണ് പ്രമേഹരോഗത്തിന് കാരണമാകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന അവസ്ഥയാണിത്.
എന്നാൽ ശരീരത്തിൽ ഉയർന്ന അളവിൽ പ്രോസ്റ്റാസിൻ (prostasin) എന്ന പ്രോട്ടീൻ ഉള്ളവരിലും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന അളവിൽ രക്തത്തിൽ പഞ്ചസാരയുടെയും പ്രോസ്റ്റാസിൻ്റെയും സാന്നിധ്യം കണ്ടെത്തുന്ന വ്യക്തികളിൽ കാൻസർ മൂലമുള്ള മരണ സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്‍റെ ജേണലായ 'ഡയബറ്റോളജിയ'യിലാണ് പുതിയ കണ്ടെത്തലുകൾ.
ശരീരത്തിലെ അവയവങ്ങളെയും മറ്റും ക്രമീകരിക്കുന്ന എപ്പിത്തീലിയൽ കോശങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന പ്രോട്ടീൻ ആണ് പ്രോസ്റ്റാസിൻ. സോഡിയം ബാലൻസ്, രക്തത്തിന്‍റെ അളവ്, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുന്ന എപ്പിത്തീലിയൽ സോഡിയം ചാനലുകളിൽ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്ന പ്രോസ്റ്റാസിൻ ഗ്ലൂക്കോസ് മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പ്രോസ്റ്റാസിനും പ്രമേഹം, കാൻസർ മരണനിരക്ക് എന്നിവയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ്.