നെയ്‌റോബി: ബുക്കോബ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങവെ പ്രിസിഷന്‍ എയര്‍ വിമാനം ടാന്‍സാനിയയിലെ വിക്‌ടോറിയ തടാകത്തില്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദാര്‍ എസ് സലാമില്‍ നിന്നും കഗേര മേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് കാബിന്‍ ക്രൂ ജീവനക്കാരും ഉള്‍പ്പെടെ 43 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബുക്കോബ വിമാനത്താവളത്തിന് 100 മീറ്റര്‍ ദൂരെയാണ് വിമാനം അപകടത്തില്‍ പെട്ടത്. ടാന്‍സാനിയന്‍ മാധ്യമങ്ങളാണ് അപകടം ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. വിമാനത്തിന്‍റെ ഭൂരിഭാഗവും തടാകത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലുള്ള ചിത്രങ്ങളും പുറത്തു വിട്ടിരുന്നു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ലോക്കല്‍ പൊലീസ് അറിയിച്ചു. 'കഗേര മേഖലയിലെ വിക്‌ടോറിയ തടാകത്തിൽ പ്രിസിഷൻ എയർ വിമാനം തകർന്ന വിവരം വേദനാജനകമാണ്. ശാന്തരായി നമുക്ക് രക്ഷാപ്രവര്‍ത്തനം തുടരാം. ദൈവം നമ്മെ സഹായിക്കട്ടെ', ടാന്‍സാനിയന്‍ പ്രസിഡന്‍റ് സാമിയ സുലുഹു ട്വീറ്റ് ചെയ്‌തു.
ടാന്‍സാനിയന്‍ വിമാന കമ്പനിയാണ് പ്രിസിഷന്‍ എയര്‍. വടക്കൻ ടാൻസാനിയയിൽ സഫാരി കമ്പനിയുടെ വിമാനം തകർന്ന് 11 പേർ മരിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും ഒരു അപകടം നടക്കുന്നത്.