ചെന്നൈ/കൊളംബോ: ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്‍റ് നേതാവ് പഴ നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്കന്‍ സൈന്യം. വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പില്ലെന്നും തങ്ങളുടെ പക്കല്‍ ആവശ്യമായ ഡിഎന്‍എ തെളിവുകള്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ രവി ഹെറാത്ത് പ്രതികരിച്ചു.
'2009 മെയ് 18ന് നടന്ന ഏറ്റുമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടു. ഡിഎന്‍എ തെളിവുകള്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം ഞങ്ങള്‍ക്ക് ഒരു പരിഭ്രാന്തിയും ഉണ്ടാക്കുന്നില്ല. കാരണം അദ്ദേഹം കൊല്ലപ്പെട്ടു എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതില്‍ യാതൊരു സംശയവും ഇല്ല', ബ്രിഗേഡിയര്‍ രവി ഹെറാത്ത് വ്യക്തമാക്കി.
നെടുമാരന്‍റെ അവകാശവാദം: തഞ്ചാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്‍റ് നേതാവ് പി നെടുമാരന്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ചത്. 'എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരനെക്കുറിച്ചുള്ള ചില സത്യങ്ങൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട്. എന്‍റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നു. അദ്ദേഹം ആരോഗ്യവാനാണ്. പ്രഭാകരന്‍റെ അറിവോടെയാണ് ഞാന്‍ ഇത് വെളിപ്പെടുത്തുന്നത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ എവിടെയാണ് ഉള്ളത് എന്ന് പറയാന്‍ സാധിക്കില്ല. സമയമാകുമ്പോള്‍ അദ്ദേഹം പൊതുജന മധ്യത്തില്‍ വരും', നെടുമാരന്‍ പറഞ്ഞു. തമിഴ് ഈഴം പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും നെടുമാരന്‍ പറഞ്ഞു.
2009 മെയ് 18നാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സുഹൃത്തും സഹപ്രവര്‍ത്തകനുമായ മുരളീധരന്‍ തിരിച്ചറിഞ്ഞു എന്നാണ് അന്ന് ലങ്കന്‍ സൈന്യം നല്‍കിയ വിവരം. തുടര്‍ന്ന് മൃതദേഹത്തിന്‍റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു.
ന്യൂനപക്ഷത്തിന്‍റെ പ്രത്യാശയായിരുന്ന പ്രഭാകരന്‍: 1954 നവംബര്‍ 26ന് വാല്‍വെട്ടിത്തുറൈയില്‍ ആയിരുന്നു വേലുപ്പിള്ള പ്രഭാകരന്‍റെ ജനനം. കരൈയര്‍ എന്ന് ദലിത് സമുദായത്തില്‍ ജനിച്ചതിനാല്‍ ദലിതരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പിന്തുണ പ്രഭാകരന് ലഭിച്ചിരുന്നു. ദലിതനായിരുന്നെങ്കിലും സവര്‍ണരെ ആക്രമിക്കാനോ ഇകഴ്‌ത്തി കാണിക്കാനോ പ്രഭാകരന്‍ ഒരിക്കലും മുതിര്‍ന്നിരുന്നില്ല. മത നിരപേക്ഷ ഉയര്‍ത്തി പിടിച്ചും, സ്‌ത്രീകളുെട അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയും ന്യൂനപക്ഷത്തിന്‍റെ പ്രതീക്ഷയായി മാറുകയായിരുന്നു പ്രഭാകരന്‍.
1976ലാണ് പ്രഭാകരന്‍ എല്‍ടിടിഇ രൂപീകരിക്കുന്നത്. ഗ്വറില്ല യുദ്ധമുറകളെ പ്രതിഫലിപ്പിക്കുന്ന പുലി ആയിരുന്നു പ്രഭാകരന്‍റെയും സംഘത്തിന്‍റെയും ചിഹ്നം. വംശീയ ഭീകരതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് സായുധ പാത തെരഞ്ഞെടുത്തത് എന്നും തമിഴ് ജനതയുടെ മോചനം സായുധ പോരാട്ടത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് വിശ്വസിക്കുന്ന യുവാക്കളെ ചേര്‍ത്തു കൊണ്ട് സംഘടന രൂപീകരിച്ചത് എന്നും പ്രഭാകരന്‍ വ്യക്തമാക്കിയിരുന്നു. സംഘടന രൂപീകരിച്ചതിന് പിന്നാലെ പ്രഭാകരന്‍ ഒളിവില്‍ പോയി.
1983 ലെ തമിഴ് വംശഹത്യയോടെയാണ് എല്‍ടിടിഇയുടെ ജനകീയ അടിത്തറ വളര്‍ന്നത്. അതോടെ എല്ലാ വിഭാഗം ജനങ്ങളും പ്രഭാകരനും സംഘത്തിനും അനുകൂലമായി. ശ്രീലങ്കയിലെ ജാഫ്‌നയില്‍ ഭരണം നടത്തിയത് എല്‍ടിടിഇയുടെ സുവര്‍ണ കാലഘട്ടമായാണ് രേഖപ്പെടുത്തുന്നത്.
പ്രഭാകരന്‍ കൊല്ലപ്പെട്ടെന്ന് സൈന്യം: അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ മുരളീധരന്‍ എതിരായതോടെ പ്രഭാകരന്‍റെ പതനം തുടങ്ങുകയായിരുന്നു. 2009 മെയ് 17ന് ലങ്കന്‍ സൈന്യം തങ്ങളെ പരാജയപ്പെടുത്തി എന്ന് എല്‍ടിടിഇയ്‌ക്ക് സമ്മതിക്കേണ്ടി വന്നു. പിന്നാലെ പ്രഭാകരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മെയ് 24 ന് എല്‍ടിടിഇ രാജ്യാന്തര നയതന്ത്ര തലവന്‍ ശെല്‍വരശ പത്‌മനാഭന്‍ പ്രഭാകരന്‍റെ രക്തസാക്ഷിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട് എന്ന തരത്തില്‍ തമിഴ്‌നാട്ടില്‍ ഇടക്കൊക്കെ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്.