വത്തിക്കാൻ സിറ്റി : യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ മോസ്കോയിലേക്ക് പോകാമെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാല്‍ വിഷയത്തില്‍ പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മുഖേനയാണ് പുടിനെ ഇക്കാര്യം അറിയിച്ചത്. 1,000 വർഷങ്ങൾക്ക് മുമ്പ് റോമുമായി വേർപിരിഞ്ഞ റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൂടിയാണ് മാര്‍പാപ്പയുടെ ശ്രമം.
Also Read: യുക്രൈന്‍ സംഘര്‍ഷം അന്തിമ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
എന്നാൽ ഇതുവരെ ഒരു ക്ഷണം ലഭിച്ചിട്ടില്ല. കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. പുടിന്‍ പ്രതികരിക്കില്ലെന്ന ഭയവും തങ്ങള്‍ക്കുണ്ട്. മാര്‍പാപ്പയെ ഉദ്ധരിച്ച് കൊറിയർ ഡെല്ല സെറ പത്രം റിപ്പോർട്ട് ചെയ്തു. മാർച്ചിൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിലുമായി വീഡിയോ കോൺഫറൻസിലൂടെ 40 മിനിറ്റ് സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈനികള്‍ക്ക് സമാധാനം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അവിടുത്തെ കൂട്ടക്കൊലയെ കാൽനൂറ്റാണ്ട് മുമ്പ് റുവാണ്ടയിൽ നടന്ന വംശഹത്യക്ക് സമാനമായാണ് തോന്നുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.