വത്തിക്കാന്‍ : സ്വവര്‍ഗാനുരാഗികള്‍ക്ക് അനുഗ്രഹം നല്‍കാന്‍ വൈദികര്‍ക്ക് അനുമതി നല്‍കുന്ന സുപ്രധാന തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹച്ചടങ്ങുകള്‍ക്ക് തത്തുല്യമല്ലാതെ, പ്രത്യേക സാഹചര്യങ്ങളില്‍, സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാമെന്നാണ് പോപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ദൈവം എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രധാന നടപടി (Pope approves blessings for same-sex couples).
അതേസമയം ഈ ആശിര്‍വാദം സ്വവര്‍ഗ വിവാഹമായി കണക്കാക്കില്ല. സ്വവര്‍ഗ വിവാഹത്തിന് പ്രാബല്യം നല്‍കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് വത്തിക്കാന്‍. അതേസമയം സ്വവര്‍ഗാനുരാഗികളുടെ അപേക്ഷകളില്‍, ഓരോ ദമ്പതികളുടെയും കാര്യങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് വിലയിരുത്തിയ ശേഷം അനുഗ്രഹം നല്‍കാമെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്. സ്ത്രീയും പുരുഷനും ഒന്നിക്കുന്നതിനെ മാത്രമേ വിവാഹമായി വിലയിരുത്തി അതുമായി ബന്ധപ്പെട്ട പരമ്പരാഗത അനുഗ്രഹം ലഭ്യമാക്കാന്‍ സാധിക്കൂവെന്നും വത്തിക്കാന്‍ വിശദീകരിച്ചു (Marriage Should be between man and woman).
Also Read : കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണം; ഫ്രാന്‍സിസ് മാര്‍പാപ്പ
'അനുഗ്രഹം തേടിയുള്ള സ്വവര്‍ഗാനുരാഗികളുടെ അഭ്യര്‍ഥനകളെ ഒറ്റയടിക്ക് നിരാകരിക്കരുത്. ദൈവത്തിന്‍റെ സ്നേഹവും കരുണയും ആഗ്രഹിക്കുന്നവര്‍ സമഗ്രമായ ധാര്‍മ്മിക വിശകലനത്തിന് വിധേയരാകുന്നത് ഒഴിവാക്കപ്പെടേണ്ടതുണ്ട്. അതിന് അനുഗ്രഹം എന്ന പദത്തിന് വിശാലനിര്‍വചനം വേണം'- വത്തിക്കാന്‍ പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കുന്നു.
'അനുഗ്രഹം ആളുകള്‍ക്ക് ദൈവത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. അത് ആളുകളെ ദൈവത്തോട് അടുപ്പിക്കും. തടസപ്പെടുത്തുന്നതിനുപകരം അത് വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. എന്നാല്‍ വിവാഹമെന്നത് ആണും പെണ്ണും തമ്മിലുള്ള സുപ്രധാന ബന്ധമാണ്' - ഉത്തരവില്‍ പരാമര്‍ശിക്കുന്നു (Pope Francis).
Also Read : വൈദിക ലൈംഗികാതിക്രമം: ബിഷപ്പ് സമ്മേളനം വിളിച്ച് മാർപാപ്പ
ദൈവത്തിന് പാപപ്രക്രിയയെ അനുഗ്രഹിക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ച് 2021ല്‍ സ്വവര്‍ഗാനുരാഗികളുടെ അനുഗ്രഹാഭ്യര്‍ഥനകള്‍ വത്തിക്കാന്‍ തള്ളിയിരുന്നു. അതേസമയം പുരോഗമനപരമായ നടപടിയാണ് വത്തിക്കാനില്‍ നിന്നുണ്ടായതെന്ന് കത്തോലിക്കരിലെ എല്‍ജിബിടിക്യു സമൂഹത്തെ പ്രതിനിധീകരിച്ച് റവ. ജെയിംസ് മാര്‍ട്ടിന്‍ വ്യക്തമാക്കി.
'വത്തിക്കാന്‍റെ 2021ലെ നിലപാടില്‍ നിന്നുള്ള ശ്രദ്ധേയമായ ഗതിമാറ്റമാണിത്. ദൈവത്തിന്‍റെ അനുഗ്രഹത്തിനായുള്ള കത്തോലിക്കര്‍ക്കിടയിലെ സ്വവര്‍ഗ ദമ്പതികളുടെ തീവ്രമായ ആശയ്ക്ക് ഈ തീരുമാനം ലക്ഷ്യപ്രാപ്തി കൈവരുത്തും. മറ്റ് പുരോഹിതര്‍ക്കൊപ്പം എനിക്കും സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ സാധിക്കുമെന്നത് ഏറെ സന്തോഷപ്രദമാണ്' - റവ. ജെയിംസ് മാര്‍ട്ടിന്‍ പറഞ്ഞു.