ഇസ്ലാമാബാദ് : രാജ്യത്ത് നിലവിലുള്ള സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ (എച്ച്ആർസിപി). മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ, ട്രാൻസ്ജെൻഡേഴ്‌സിനെതിരായ അക്രമങ്ങൾ, മതനിന്ദ കേസുകളും പ്രേരണകളും വർദ്ധിച്ചു എന്നാണ് എച്ച്ആർസിപിയുടെ റിപ്പോർട്ട്. തിരോധാനങ്ങളും രാഷ്‌ട്രീയ പ്രവർത്തകർക്കെതിരായ അടിച്ചമർത്തലും രാജ്യത്ത് വർധിച്ചതായി വോയ്‌സ് ഓഫ് അമേരിക്ക (വിഒഎ) അറിയിച്ചു.
ബുധനാഴ്‌ച പുറത്തിറക്കിയ 2022ലെ പാകിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് എച്ച്ആർസിപി ഈ വിശദാംശങ്ങൾ പുറത്തുവിട്ടത്. റിപ്പോർട്ട് അനുസരിച്ച്, 2022 പാകിസ്ഥാനിൽ രാഷ്ട്രീയ അസ്ഥിരതയുടെയും അശാന്തിയുടെയും വർഷമായിരുന്നു. രാജ്യം നേരിടുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധി കോടതിയിലൂടെ പരിഹരിക്കുന്ന കാര്യം സ്ഥിതിഗതികൾ വഷളാക്കിയെന്നാണ് എച്ച്ആർസിപി പറയുന്നത്.
കഴിഞ്ഞ വർഷം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത് മുതൽ പാകിസ്ഥാൻ അസ്ഥിരത അനുഭവിക്കുകയാണെന്ന് വിഒഎ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ രണ്ട് പ്രധാന പ്രവിശ്യകളായ പഞ്ചാബ്, ഖൈബർ പഖ്‌തൂൺഖ്വ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇരു കക്ഷികളും തമ്മിൽ തർക്കം തുടരുകയാണ്. മുൻ പ്രധാനമന്ത്രിയും പിടിഐ തലവനുമായ ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാണ് പറയുന്നത്. എന്നാൽ ഭരണകക്ഷികൾ അതിനെ അനുകൂലിക്കുന്നില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി വാദം കേൾക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം കഴിഞ്ഞ വർഷം പാകിസ്ഥാനില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രളയം സാധാരണക്കാരെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ അസാധാരണമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തുടനീളം 30.3 ദശലക്ഷം ആളുകൾ ദുരിതമനുഭവിക്കുകയും 1700-ലധികം ആളുകൾ മരിക്കുകയും ചെയ്‌തുവെന്നാണ് വിഒഎ റിപ്പോർട്ട് ചെയ്‌തത്.
'പരിഹരിക്കപ്പെടാത്ത 2,210 തിരോധാന കേസുകൾ': എച്ച്ആർസിപി റിപ്പോർട്ട് അനുസരിച്ച് തിരോധാനങ്ങൾ കഴിഞ്ഞ വർഷവും തുടർന്നിരുന്നു. പ്രിയപ്പെട്ടവരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലും കാണാതായവരുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. 2,210 തിരോധാന കേസുകൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. കഴിഞ്ഞ വർഷം കറാച്ചിയിൽ നടന്ന ചാവേർ ആക്രമണത്തിന് ശേഷം ബലൂചിസ്ഥാനിലും മറ്റ് പ്രദേശങ്ങളിലുമൊക്കെ തിരോധാനങ്ങൾ വർധിച്ചതായി എച്ച്ആർസിപി പറയുന്നു. നിരവധി ബലൂച് പൗരന്മാരെ കാണാതായതായി റിപ്പോർട്ടുണ്ട്. അവരിൽ ചിലരെ കണ്ടെത്തി. എന്നാൽ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തവരും ഏറെയാണ്.
2022 ഏപ്രിലിൽ കറാച്ചി സർവകലാശാലയിൽ വച്ച് ബലൂച് വനിത ഷാരി ബലോച്ച് ചൈനീസ് അധ്യാപകർക്ക് നേരെ നടത്തിയ ചാവേർ ആക്രമണത്തിന് ശേഷം, ചില ബലൂച് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതും ഉപദ്രവിക്കുന്ന സംഭവങ്ങളും വെളിച്ചത്ത് വന്നു എന്ന് പറയാം. മതനിന്ദ, ആൾക്കൂട്ട ആക്രമണം, അഹമ്മദി സമൂഹത്തിന്‍റെ ആരാധനാലയങ്ങൾ അവഹേളിക്കൽ, മറ്റ് മതവിഭാഗങ്ങളോടുള്ള വിവേചനം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ത്രീകൾക്കെതിരായ ദുരഭിമാനക്കൊലകളും ഗാർഹിക പീഡനങ്ങളും ആസിഡ് ആക്രമണങ്ങളും വർധിച്ചു. ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണത്തിനായി 2018ൽ പാസാക്കിയ നിയമത്തെ വെല്ലുവിളിക്കുകയും പാർലമെന്‍റിൽ നിയമഭേദഗതി കൊണ്ടുവരികയും ചെയ്‌തതായി എച്ച്ആർസിപി പറയുന്നു. ട്രാൻസ്‌ജെൻഡറുകള്‍ക്ക് സംരക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധതയുണ്ടെങ്കിലും സമൂഹത്തിൽ ഇവര്‍ വിവേചനം നേരിടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്.
'376 ഭീകരാക്രമണങ്ങൾ': പൊലീസ് രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്ത് 35 മതനിന്ദ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സർക്കാരിതര സംഘടനയായ സെന്‍റർ ഫോർ സോഷ്യൽ ജസ്റ്റിസിന്‍റെ കണക്കനുസരിച്ച് 171 പേർക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പഞ്ചാബിലാണെന്ന് വിഒഎ അറിയിച്ചു. കഴിഞ്ഞ വർഷം, പാകിസ്ഥാനിൽ തീവ്രവാദ സംഭവങ്ങളുടെ വർധനവ് രേഖപ്പെടുത്തി. 2022ൽ രാജ്യത്തുടനീളം നടന്ന 376 ഭീകരാക്രമണങ്ങളിൽ 533 പേർ കൊല്ലപ്പെടുകയും 832 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അവയിൽ ഏറ്റവും മാരകമായ ആക്രമണം പെഷവാറിലെ ജുമാ മസ്‌ജിദിൽ 63 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണമാണ്.
കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് 98 പേർക്ക് കോടതി വധശിക്ഷ വിധിച്ചപ്പോൾ 2021ൽ അത് 129 ആയിരുന്നു. പാകിസ്ഥാൻ ജയിലുകളിലെ തടവുകാരുടെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുകയും പാകിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം വ്യക്തമാക്കുകയും ചെയ്‌തു. 88,687 ആണ് തടവുകാരുടെ എണ്ണം. എന്നാൽ, ഇത് ജയിലുകളുടെ ശേഷിയേക്കാൾ വളരെ കൂടുതലാണ്. തടവുകാരോടുള്ള മോശം പെരുമാറ്റത്തിലും മനുഷ്യാവകാശ കമ്മിഷൻ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷം മുതൽ പാകിസ്ഥാനിൽ ചില രാഷ്ട്രീയ-രാഷ്ട്രീയേതര വ്യക്തികൾ തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ, വീഡിയോ ചോർന്നതിനെക്കുറിച്ചുള്ള ആശങ്കകളും എച്ച്ആർസിപി പ്രകടിപ്പിച്ചു. ഇത് സ്വകാര്യതയും അന്തസും സംബന്ധിച്ച അവകാശങ്ങളുടെ ലംഘനമാണെന്നും എച്ച്ആർസിപി കൂട്ടിച്ചേർത്തു. എച്ച്ആർസിപി റിപ്പോർട്ടിനോട് ഇതുവരെ ഒരു സർക്കാർ ഉദ്യോഗസ്ഥനും പ്രതികരിച്ചിട്ടില്ല. എന്നാൽ, രാജ്യത്തെ എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശവും മൗലികമായ അവകാശങ്ങളും സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നാണ് സർക്കാർ നിലപാട്.