വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും കുടുംബവും. വിരുന്നൊരുക്കിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും പ്രധാനമന്ത്രി സമ്മാനം നല്‍കി. പ്രസിഡന്‍റ് ജോ ബൈഡന് രാജസ്ഥാനിലെ പ്രശസ്‌ത ശില്‍പി നിര്‍മിച്ച ചന്ദനപ്പെട്ടിയും ജില്‍ ബൈഡന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടുമാണ് നല്‍കിയത്.
ചന്ദനപ്പെട്ടിക്കുള്ളിലെ നിധി: ചന്ദനപ്പെട്ടിക്കുള്ളില്‍ ഒരു വെള്ളി ഗണപതിയുടെ വിഗ്രഹവും ഒരു ദീപവുമാണ് ഉള്ളത്. കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുള്ള ചന്ദന മരത്തില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ചന്ദനപ്പെട്ടിയാണിത്. കൊൽക്കത്തയിൽ നിന്നുള്ള വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയില്‍പ്പെട്ട കുടുംബം കൈകൊണ്ട് നിര്‍മിച്ചെടുത്തതാണ് പെട്ടിക്കുള്ളിലെ ഗണപതി വിഗ്രഹവും വിളക്കും.
ഇത് കൂടാതെ ഏതാനും വെള്ളി നാണയങ്ങളും പെട്ടിക്കുള്ളിലുണ്ട്. രാജസ്ഥാനിലെ കരകൗശല വിദഗ്‌ദര്‍ രൂപകല്‌പന ചെയ്‌ത നാണയങ്ങളാണിത്. 99.5 ശതമാനം ഹാള്‍മാര്‍ക്ക് ചെയ്‌ത നാണയങ്ങളാണിവ. സമ്മാനിച്ച ഒരോന്നിന്‍റെയും പ്രത്യേകത മോദി ബൈഡന്‍ കുടുംബത്തിന് വിവരിച്ച് കൊടുത്തു. സര്‍വ്വ വിഘ്‌നങ്ങളെയും ഇല്ലാതാക്കുന്ന ഗണപതി ഭഗവാന്‍റെ വിഗ്രഹമാണിതെന്ന് മോദി പറഞ്ഞു.
ഇന്ത്യയിലെ മുഴുവന്‍ ഹൈന്ദവ വീടുകളിലും പവിത്രമായ സ്ഥാനമാണ് വിളക്കുകള്‍ക്കുള്ളതെന്നും മോദി വ്യക്തമാക്കി. ഇവയ്‌ക്കെല്ലാം പുറമെ പഞ്ചാബില്‍ നിന്നുള്ള നെയ്യും ജാര്‍ഖണ്ഡില്‍ നിന്ന് കൈകൊണ്ട് നെയ്‌ത ടസാര്‍ സില്‍ക് തുണിയും ഉത്തരാഖണ്ഡില്‍ നിന്നുള്ള അരിയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള ശര്‍ക്കരയും പെട്ടിയിലുണ്ട്.
ജില്‍ ബൈഡനും സമ്മാനം നല്‍കി മോദി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് 7.5 കാരറ്റ് ഗ്രീന്‍ ഡയമണ്ടാണ്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി നിര്‍മിച്ചെടുത്ത ഈ ഡയമണ്ട് 15 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സൗരോര്‍ജം, കാറ്റ്, വൈദ്യുതി തുടങ്ങിയ പരിസ്ഥിതി സൗഹാര്‍ദ്ദ രീതികളിലൂടെയാണ് ഡയമണ്ട് നിര്‍മിച്ചിരിക്കുന്നത്.
പേപ്പിയർ മാഷെ (Papier-mache) എന്ന പെട്ടിയിലാണ് വജ്രം സമ്മാനിച്ചത്. തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദ്ദമായി നിര്‍മിച്ച ഈ വജ്രത്തിന് അത്ഭുതം സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. കശ്‌മീരില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരാണ് ഈ വജ്രം നിര്‍മിച്ചത്. സുസ്ഥിര ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ പ്രതീകമായാണ് പച്ച വജ്രം സമ്മാനമായി നല്‍കിയത്.
പ്രധാനമന്ത്രിക്ക് ജോ ബൈഡന്‍റെ സമ്മാനം: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയ ജോ ബൈഡന്‍ തിരിച്ചും സമ്മാനം നല്‍കി. 'ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്' എന്ന പുസ്‌തകമാണ് പ്രധാനമന്ത്രിക്ക് ജോ ബൈഡന്‍ സമ്മാനിച്ചത്. ലണ്ടനിലെ ഫോബര്‍ ആന്‍ഡ് ഫേബര്‍ ലിമിറ്റഡാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്.
ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റ് പ്രസിലാണ് ഇത് അച്ചടിച്ചത്. ഇന്ത്യന്‍ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് 'ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്'. 1937ല്‍ ശ്രീ പുരോഹിത് സ്വാമിയുമായി ചേര്‍ന്ന് എഴുതിയ ഇന്ത്യന്‍ ഉപനിഷത്തിന്‍റെ വിവര്‍ത്തനമാണിത്.
അമേരിക്കന്‍ സന്ദര്‍ശനവും വൈറ്റ് ഹൗസിലെ വിരുന്നും: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ജൂണ്‍ 21നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്ര സംഘടന ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനത്തിലും മറ്റ് യോഗങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തു. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച മോദിക്ക് ബൈഡന്‍ കുടുംബം വിരുന്നൊരുക്കി. വിഭവ സമൃദ്ധമായ ഭക്ഷണമാണ് വൈറ്റ് ഹൗസില്‍ മോദിക്കായി ഒരുക്കിയത്.
ത്രിവര്‍ണ പതാകയെ സൂചിപ്പിക്കും വിധം അലങ്കാരങ്ങളുള്ള വിഭവങ്ങളും തീന്‍ മേശയില്‍ നിറഞ്ഞു. വെജിറ്റേറിയനായ മോദിക്ക് മില്ലറ്റ് (തിന), ജോവര്‍, ബജ്‌റ, റാഗി എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് നല്‍കിയത്. ഇതിന് പുറമെ ചോളം ഗ്രില്ല് ചെയ്‌ത് ഉണ്ടാക്കിയ സലാഡ്, ഡ്രൈ തണ്ണിമത്തൻ, മസാല ചേർത്ത് ഉണ്ടാക്കുന്ന മാരിനേറ്റഡ് മില്ലറ്റ്, നാരങ്ങ-അവക്കാഡോ സോസ്, മില്ലറ്റ് കേക്ക്, സ്‌ക്വാഷുകള്‍ എന്നിവയും ഉണ്ടായിരുന്നു. വൈറ്റ് ഹൗസിലെ പ്രശസ്‌തനായ ഷെഫ് നിന കര്‍ട്ടസിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ ഒരുക്കിയത്.