വാഷിങ്ടൺ : വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും. വിരുന്നിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ പരസ്‌പരം 'ചിയേഴ്‌സ്' പറയാനും ഇരുവരും മറന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മഹത്തായ സൗഹൃദബന്ധത്തെ ഈ അവസരത്തിൽ ആഘോഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
ജില്ലും ഞാനും ഇന്ന് പ്രധാനമന്ത്രിയുമായി വളരെ മികച്ച സമയം ആസ്വദിച്ചുവെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മഹത്തായ സൗഹൃദം തങ്ങൾ ആഘോഷിക്കുന്നു എന്നും ബൈഡൻ കൂട്ടിച്ചേർത്തു. ' രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ സാന്നിധ്യത്താൽ ഈ സായാഹ്നം സവിശേഷമായിരിക്കുന്നു. അവരാണ് ഞങ്ങളുടെ ഏറ്റവും വിലയേറിയ സ്വത്ത്, ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ കണ്ടുമുട്ടിയപ്പോൾ, നിങ്ങൾ അഭിമുഖീകരിച്ച ഒരു പ്രശ്‌നം സൂചിപ്പിച്ചിരുന്നു. നിങ്ങൾ ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് രാത്രി അത്താഴത്തിന് വരാൻ ആഗ്രഹിക്കുന്ന എല്ലാവരേയും ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിഞ്ഞെന്നും ഞാൻ പ്രതീക്ഷിക്കുന്നു'... മോദി പറഞ്ഞു.
അത്ഭുതകരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും സന്ദർശനം വിജയകരമാക്കാൻ ശ്രദ്ധിച്ച പ്രഥമ വനിത ജിൽ ബൈഡനും മോദി നന്ദി അറിയിച്ചു. 'ബേസ്ബോളിനോടുള്ള ഇഷ്‌ടത്തിനിടയിൽ ക്രിക്കറ്റും യുഎസിൽ ജനപ്രിയമാവുകയാണ്. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ടീം. അവർക്ക് ഭാഗ്യവും വിജയവും നേരുന്നു'. ഇന്ത്യ ഏറ്റവും ആവേശത്തോടെ പിന്തുടരുന്ന കായിക വിനോദത്തെ പരാമർശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും ഇന്ത്യക്കാരും അമേരിക്കക്കാരും പരസ്‌പരം നന്നായി അറിയുന്നുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ കുട്ടികൾ ഹാലോവീനിൽ സ്പൈഡർ മാനായി മാറുന്നു. അമേരിക്കയിലെ യുവാക്കൾ 'നാട്ടു നാട്ടു' എന്ന താളത്തിൽ നൃത്തം ചെയ്യുന്നു. മോദി പറഞ്ഞു.. 2014-ൽ ബൈഡൻ തനിക്ക് വിരുന്നൊരുക്കിയിരുന്നു. എന്നാൽ ആ സമയത്ത് മതപരമായ ഉപവാസം അനുഷ്‌ഠിക്കുകയായിരുന്നതിനാൽ തനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. അത് പരിഹരിക്കാൻ ഇത്തവണ തനിക്ക് അവസരം ലഭിച്ചുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയിൽ, വ്യാപാര ബന്ധങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരു രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22ന് രാവിലെ (കിഴക്കൻ സ്റ്റാൻഡേർഡ് സമയം) വൈറ്റ് ഹൗസിലെത്തി. അമേരിക്കന്‍ സന്ദർശനത്തിന്‍റെ മൂന്നാം ദിവസമാണ് മോദി വൈറ്റ് ഹൗസിലെത്തിയത്.