ജറുസലേം: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിന്‍റെ വടക്ക് ഭാഗത്തായി ഇസ്രയേൽ സൈന്യം ഒരു കൗമാരക്കാരനെ വധിച്ചു. 15കാരനായ മുഹമ്മദ് സലീമിനാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റത്. സലീമിനൊപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരനും വെടിയേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സലീം മരിച്ചു.
ഖൽഖില്യ പട്ടണത്തിനടുത്തുള്ള അസൗൺ ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമത്തിലേക്ക് കടന്ന ഇസ്രയേൽ സൈനികർക്ക് നേരെ കല്ലെറിയുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്ന് പലസ്‌തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ സൈന്യത്തിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
വെസ്റ്റ് ബാങ്കിലെ പലസ്‌തീൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം ദിവസേന പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ മാസം ഇസ്രയേൽ സൈന്യം നടത്തിയ റെയ്‌ഡിൽ 10 പലസ്തീനികളെ വധിച്ചിരുന്നു. ഈ വർഷത്തിന്‍റെ ആരംഭം മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ നടത്തുന്ന വെടിവയ്‌പ്പിൽ ഇതുവരെ 64 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്.
പലസ്‌തീന്‍റെ തിരിച്ചുള്ള ആക്രമണത്തിൽ 14 ഇസ്രായേലികളും കൊല്ലപ്പെട്ടു. തീവ്രവാദ ശൃംഖലകളെ തകർക്കാനും ഭാവിയിലെ ആക്രമണങ്ങളെ പരാജയപ്പെടുത്താനുമാണ് സൈനിക റെയ്‌ഡുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വാദം.