ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) സീനിയർ വൈസ് പ്രസിഡന്‍റ് ഫവാദ് ചൗധരിയെ ഇസ്ലാമാബാദിലെ സുപ്രീം കോടതിക്ക് പുറത്ത് ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. പിടിഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ അറസ്റ്റ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഫവാദ് ചൗധരി പാകിസ്ഥാൻ സുപ്രീം കോടതിയിൽ ഇന്നലെ രാവിലെ 11 മണി മുതൽ ഹാജരായിരുന്നുവെന്ന് വാർത്ത റിപ്പോർട്ട്.
എന്നാൽ സുപ്രീം കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചൗധരിയെ അറസ്‌റ്റ് ചെയ്‌തത്. മെയിന്‍റനൻസ് ഓഫ് പബ്ലിക് ഓർഡിനൻസ് (എംപിഒ) സെക്ഷൻ 3 പ്രകാരമാണ് ഇസ്ലാമാബാദ് പൊലീസ് ചൗധരിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ചൗധരിയെ സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ മെയ് 12 വരെ ചൗധരിക്ക് മുൻകൂർ ജാമ്യം ഉണ്ടായിരുന്നു എന്നും നിയമവിരുദ്ധമായാണ് ചൗധരിയെ അറസ്റ്റ് ചെയ്‌തതെന്നും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ട്വീറ്റ് ചെയ്‌തു. പാക്കിസ്ഥാനിൽ നടപ്പാക്കുന്നത് കാട്ടുനീതിയാണെന്നും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് കുറ്റപ്പെടുത്തി.
അറസ്റ്റിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിച്ച പിടിഐ നേതാവ് ഫവാദ് ചൗധരി, അഭിഭാഷക സമൂഹത്തിനുള്ളിൽ തർക്കം നിലനിൽക്കുന്നതിനാൽ അവർ ദുർബലരായി എന്നും തന്നെപ്പോലെ ഒരു ഹർജിക്കാരനെയും ഇത്തരത്തിൽ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസം മുമ്പ് ഇസ്ലാമാബാദ് ഹൈക്കോടതി തന്‍റെ മുൻകൂർ ജാമ്യം അംഗീകരിച്ചതായിരുന്നു എന്നും അദ്ദേഹം വാദിച്ചു. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റ് രാജ്യത്ത് ധ്രുവീകരണത്തിന് കാരണമായെന്നും സംവാദത്തിന് വഴിയൊരുക്കാൻ രാഷ്ട്രീയ എതിരാളികൾക്ക് ഇടം നൽകണമെന്നും ചൗധരി പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഫവാദ് ചൗധരിയുടെ അറസ്റ്റിന് മുമ്പ് ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് പിടിഐ സെക്രട്ടറി ജനറൽ അസദ് ഉമറിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം, അൽ ഖാദിർ ട്രസ്‌റ്റ് അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) എട്ട് ദിവസത്തെ റിമാൻഡ് ചെയ്യാൻ പാകിസ്ഥാൻ അക്കൗണ്ടബിലിറ്റി കോടതി അനുവദിച്ചതായി സാമ റിപ്പോർട്ട് ചെയ്‌തു. അക്കൗണ്ടബിലിറ്റി കോടതി ജഡ്‌ജി മുഹമ്മദ് ബഷീർ നേരത്തെ കേസ് പരിഗണിക്കുകയും വിധി പറയുകയും ചെയ്‌തിരുന്നു.
ന്യായമായ വിചാരണ ഇമ്രാൻ ഖാന്‍റെ മൗലികാവകാശമാണെന്ന് ഇമ്രാൻ ഖാന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇമ്രാൻ ഖാന്‍റെ വിചാരണ തുറന്ന കോടതിയിൽ നടത്തണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലെ വാദത്തിന് ശേഷം ഇമ്രാൻ ഖാന്‍റെ അഭിഭാഷകൻ പത്രസമ്മേളനം നടത്തിയിരുന്നു. കസ്‌റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നും വാഷ്‌റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും ഖാൻ കോടതിയിൽ അവകാശപ്പെട്ടതായി പിടിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നുണ്ട്.