ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കര്‍ കാസിം സുരി രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്‌ച ചേരുന്ന നിര്‍ണായക അസംബ്ലിയില്‍ സുരി അധ്യക്ഷനാകുമെന്ന് സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന് മുന്നോടിയായി സ്‌പീക്കര്‍ അസദ് കൈസര്‍ രാജി പ്രഖ്യാപനം നടത്തിയിരുന്നു.
തുടര്‍ന്ന് പാര്‍ലമെന്‍റ് അംഗം അയാസ് സാദിഖാണ് ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്‌ച രാത്രി പന്ത്രണ്ടേമുക്കാലോടെയാണ് പാസായത്. 342 അംഗ പാർലമെന്‍റില്‍ 174 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തു.
Also read: രാഷ്ട്രീയത്തിന്‍റെ ക്രീസില്‍ തോറ്റുപോയ ജനനായകൻ: ചരിത്രം തിരുത്താനാവാതെ ഇമ്രാൻ ഖാൻ
പാക് ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോവുന്നത്. മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ആയിരുന്നു. അതേസമയം, തിങ്കളാഴ്‌ച ചേരുന്ന പാർലമെന്‍റ് സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന.