ഇസ്‌ലാമാബാദ്: റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണയും ഭക്ഷ്യ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍. സാമ്പത്തിക, വ്യാപാര നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ദേശീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള തുറന്ന നയമാണ് നടപടിക്ക് പിന്നില്‍. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ലിറ്ററിന് 30 രൂപ (പാകിസ്ഥാൻ രൂപ) സർക്കാർ ഉയർത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പദ്ധതിയുടെ പുനരുജ്ജീവനം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് അസിം ഇഫ്‌തിഖർ പറഞ്ഞു
നേരത്തെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പൈപ്പ് ലൈന്‍ വഴി വാതകം എത്തിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി റഷ്യന്‍ തലസ്ഥാനമായി മേസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം ആരംഭിച്ചത്. ഇമ്രാന്‍ ഖാന്‍റെ റഷ്യന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് നിരവധി നേതാക്കളും അന്ന് രംഗത്തെത്തി.
അധികാരം നഷ്‌ടപ്പെട്ടതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍റെ റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ എണ്ണ സ്വന്തമാക്കാനുള്ള പദ്ധതി പുതിയ സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ പിന്തുണച്ച് പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തെത്തിയത്. തന്റെ വിദേശ നയങ്ങളുടെ ഭാഗമായാണ് അദ്ദേഹം റഷ്യന്‍ സന്ദര്‍ശനം നടത്തിയതെന്നും, ഈ അവസരത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നും സര്‍ദാരി കൂട്ടിച്ചേര്‍ത്തു.