വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്‌ചയും തണുത്തുറഞ്ഞ താപനിലയും കാരണം മൂവായിരത്തിലധികം യുഎസ് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റായ ഫ്ലൈറ്റ് അവയർ (FlightAware) അനുസരിച്ച് വ്യാഴാഴ്‌ച 2,270 വിമാനങ്ങളും ഇന്ന് ഇതുവരെ 1,000 വിമാനങ്ങളുമാണ് റദ്ദാക്കിയിട്ടുള്ളത്. മഞ്ഞ്, മഴ, ഐസ്, കാറ്റ്, തണുത്ത താപനില എന്നിവ മൂലം അമേരിക്കയിലുടനീളമുള്ള വിമാന - ബസ് - ആംട്രാക്ക് പാസഞ്ചർ ട്രെയിൻ യാത്രകളും തടസപ്പെട്ടു.
7,400ലധികം വിമാനങ്ങൾ വൈകിയാണ് യാത്ര നടത്തിയതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ചിക്കാഗോയിലും ഡെൻവറിലും നാലിലൊന്ന് വിമാനങ്ങൾ മാത്രമാണ് വന്നുപോയി കൊണ്ടിരുന്നത്. നൂറുകണക്കിന് വിമാനങ്ങളാണ് ഒരോ വിമാനത്താവളത്തിലും വ്യാഴാഴ്‌ച റദ്ദാക്കിയത്.
ഡാലസ് ലവ്, ഡാളസ് ഫോർട്ട് വർത്ത്, ഡെൻവർ, മിനിയാപൊളിസ് വിമാനത്താവളങ്ങളിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് മുൻപ് സുരക്ഷിതമായ യാത്രയ്‌ക്കായി ഡി - ഐസിങ് ദ്രാവകം ഉപയോഗിക്കണമെന്ന എഫ്‌എഎ നിർദേശം നൽകി. അതിനിടെ പല എയർലൈനുകളും യാത്രക്കാർക്ക് കാലാവസ്ഥ ഇളവുകൾ നൽകിയിട്ടുണ്ട്. പിഴ കൂടാതെ ബുക്ക് ചെയ്‌ത യാത്രകൾ മാറ്റാനുള്ള സൗകര്യമാണ് എയർലൈനുകൾ ഒരുക്കിയിരിക്കുന്നത്.
അതുപോലെ തന്നെ യാത്രക്കാർ സാധാരണ സമയത്തേക്കാൾ നേരത്തെ തന്നെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ ശിപാർശ ചെയ്‌തു. അടുത്ത രണ്ട് ദിവസങ്ങളിൽ മിഡ്‌വെസ്റ്റിലൂടെയുള്ള ബസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യപ്പെടാമെന്ന് ഇന്‍റർസിറ്റി ബസ് സർവീസിന്‍റെ ഏറ്റവും വലിയ ദാതാവായ ഗ്രേഹൗണ്ട് യാത്രക്കാർക്ക് സേവനമുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മിഡ്‌വെസ്റ്റിലും നോർത്ത് ഈസ്റ്റിലുമുള്ള ചില ലൈനുകളിൽ ആംട്രാക്കിന് ട്രെയിൻ സർവീസ് റദ്ദാക്കേണ്ടതായി വന്നതിനാൽ റിസർവേഷൻ ഉള്ള യാത്രക്കാർക്ക് മറ്റൊരു ദിവസം അതേ സമയത്തുള്ള ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഒരുക്കി നൽകുമെന്ന് കമ്പനി അറിയിച്ചു.