ന്യൂഡല്‍ഹി : രാജ്യത്ത് മുസ്‌ലിങ്ങള്‍ സമാധാനത്തോടെയും സാഹോദര്യത്തോടെയുമാണ് കഴിയുന്നതെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് (National Security Advisor) അജിത് ഡോവല്‍. നൂറ്റാണ്ടുകളായി ഐക്യത്തോടെ കഴിയുന്ന ജനങ്ങളുടെയും വിവിധ സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സൗദി അറേബ്യ നിയമ മന്ത്രിയും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ മുഹമ്മദ് ബിൻ അബ്‌ദുല്‍ കരീം അല്‍ ഈസയുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.
ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിന് ഉദാഹരണമാണ് 2008ലെ മുംബൈ ഭീകരാക്രമണം. എന്നാല്‍ തീവ്രവാദത്തിന് പ്രത്യേക മതങ്ങളുമായി ബന്ധമില്ല. അതേസമയം ഭീകരതയ്‌ക്ക് എതിരെയുള്ള തങ്ങളുടെ പോരാട്ടം സജീവമാണ്.
തീവ്രവാദവും മറ്റ് കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. തീവ്രവാദത്തിന് മതമോ വംശമോ ഇല്ല. എന്നാല്‍ യുവാക്കളില്‍ ചിലര്‍ വഴിപിഴയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാണ്. അത്തരം അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഫലപ്രദമായി നേരിടുക തന്നെ ചെയ്യും. കൂടാതെ ഭീകരതയെയും തീവ്രവാദത്തെയും നേരിടാന്‍ ആഗോള സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും ഡോവല്‍ ആവശ്യപ്പെട്ടു.
ആഗോള ഭീകരത പ്രവര്‍ത്തനങ്ങളിലും സംഘങ്ങളിലും ഇന്ത്യന്‍ പൗരന്മാരുടെ പങ്കാളിത്തം കുറവാണ്. ഇന്ത്യയിൽ സ്ഥിര താമസമാക്കിയ മതന്യൂനപക്ഷങ്ങളെയും അഭയാർഥികളെയും കുറിച്ച് സംസാരിച്ച അജിത് ഡോവൽ, ഇന്ത്യ ഒരു സമ്മിശ്ര സ്വഭാവമുള്ള രാജ്യമാണെന്നും വിശദീകരിച്ചു. രാജ്യം എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും അംഗീകരിച്ചിട്ടുണ്ട്. അഫ്‌ഗാനികള്‍, ബംഗാളികള്‍, ജൂതന്മാര്‍, പാഴ്‌സികള്‍ എന്നിവരെ പരാമര്‍ശിച്ച് ഡോവല്‍ പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍പ്പെട്ട ഒന്നാണ് ഇന്ത്യ. ഇവിടെ സമത്വത്തെയോ വൈവിധ്യത്തെയോ കുറിച്ച് ചില വിയോജിപ്പുകള്‍ ഉണ്ടായാല്‍ അവയെ സംഘര്‍ഷമെന്നോ അല്ലെങ്കില്‍ തീവ്രവാദമെന്നോ വിലയിരുത്തേണ്ടതില്ല. ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന സമത്വം എന്നത് ഇന്ത്യയില്‍ നടപ്പാക്കുന്നുണ്ടെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക അടുപ്പങ്ങള്‍ മുറുകെ പിടിക്കുന്ന രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുമായുള്ള ബന്ധത്തില്‍ താന്‍ അഭിമാനിക്കുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, സര്‍വമത ഐക്യം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഡോ അബ്‌ദുൾ കരീം അൽ-ഇസ ഇന്ത്യയിലെത്തിയത്. ഖുസ്‌റോ ഫൗണ്ടേഷനും ഐഐസിസി ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കൾച്ചറല്‍ സെന്‍ററും ചേര്‍ന്നൊരുക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്‌ചയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഡോ അബ്‌ദുള്‍ കരീം അൽ-ഇസ എത്തിയത്.