വാഷിങ്ടൺ: നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ന്യൂസ് റിവർ ഗ്രീൻവേയിൽ ഒക്‌ടോബർ 13ന് വൈകിട്ട് അഞ്ച് മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്. പ്രതി എന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
വെടിവയ്‌പ്പിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. റാലെയുടെ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 9 മൈൽ (ഏകദേശം 14 കിലോമീറ്റർ) അകലെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രദേശത്തെ തെരുവുകൾ പൊലീസ് അടച്ചു.
മേഖലയിലുള്ള ആളുകളെ സുരക്ഷിത ഇടങ്ങളിലേയ്‌ക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റാലെ മേയർ മേരി ആൻ ബാൾഡ്‌വിൻ പറഞ്ഞു. രാജ്യത്ത് ഇത്തരം അക്രമ സംഭവങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.