ദുബായ്: ഈ വർഷത്തെ സമാധാന നൊബേല്‍ സമ്മാന ജേതാവും ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗസ് മുഹമ്മദി ജയിലില്‍ നിരാഹാര സത്യഗ്രഹമാരംഭിച്ചു. രാജ്യത്ത് സ്‌ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയതിലും, ജയിലിൽ നർഗീസുൾപ്പെടെയുളള തടവുകാർക്ക് വൈദ്യ പരിചരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് 51 കാരിയായ നർഗസ് മുഹമ്മദി തിങ്കളാഴ്‌ച (നവംബർ 6) നിരാഹാര സമരം തുടങ്ങിയത് (Nobel Peace Prize Laureate Narges Mohammadi Goes On Hunger Strike).
അടിച്ചമർത്തപ്പെടുന്ന ഇറാനിലെ സ്‌ത്രീകൾക്ക് വേണ്ടിയും മനുഷ്യവകാശ ലംഘനങ്ങൾക്കെതിരേയും ശബ്‌ദിച്ച നർഗസ് ഇറാനിയൻ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാണ്. പതിറ്റാണ്ടുകളായി സർക്കാർ നർഗസിനെ ലക്ഷ്യംവെച്ച് പ്രചാരണങ്ങൾ നടത്തിയിരുന്നെങ്കിലും നർഗസിന്‍റെ നിരന്തരമായ പോരാട്ടത്തെ തുടർന്നാണ് നോബേൽ പുരസ്‌കാരം ലഭിച്ചത്. എന്നാൽ പുരസ്‌കാര പ്രഖ്യാപനമുണ്ടായപ്പോയും നർഗീസ് തടവറയിലായിരുന്നു.
വിദേശത്തുള്ള നർഗസ് മുഹമ്മദിയുടെ കുടുംബത്തിൽ നിന്നുള്ള പ്രസ്‌താവന അനുസരിച്ച്, തിങ്കളാഴ്‌ച എവിൻ ജയിലിൽ നിന്ന് ഒരു സന്ദേശം അയച്ചെന്നും മണിക്കൂറുകൾക്ക് മുമ്പ് താൻ നിരാഹാര സമരം ആരംഭിച്ചതായും മുഹമ്മദി തന്‍റെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ നർഗസിനെ ഹൃദയ, ശ്വാസകോശ പരിപാലനത്തിനായി ഒരു സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഹമ്മദിയും അവളുടെ അഭിഭാഷകനും പറയുന്നുണ്ട്. അതേസമയം മുഹമ്മദിക്ക് മൂന്ന് സിരകളിൽ ബ്ലോക്കുണ്ടായെന്നും ശ്വാസകോശ സമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്നതായും ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദി തന്‍റെ കുടുംബം അറിയിച്ചിരുന്നു.
അതേസമയം, ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിനാൽ മുഹമ്മദിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ജയിൽ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. രോഗബാധിതരായ അന്തേവാസികൾക്കുള്ള വൈദ്യസഹായം വൈകിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ നയത്തെ തുടർന്നും അതുമൂലം വ്യക്തികളുടെ ആരോഗ്യവും ജീവിതവും നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും ഇറാനിയൻ സ്‌ത്രീകൾക്ക് നിർബന്ധിത ഹിജാബ് ധരിക്കണമെന്ന പ്രസ്‌താവനകളേയും തുടർന്നാണ് സമരം ആരംഭിച്ചത്.
നമ്മുടെ പ്രിയപ്പെട്ട നർഗസിന് എന്ത് സംഭവിച്ചാലും ഇസ്‌ലാമിക് റിപ്പബ്ലിക്കാണ് ഉത്തരവാദി. മരുന്ന് കഴിക്കാൻ വിസമ്മതിക്കുമ്പോൾ വെള്ളവും പഞ്ചസാരയും ഉപ്പും മാത്രം കഴിക്കുന്ന ആളാണ് മുഹമ്മദിയെന്നും സമ്മാന ജേതാവിന്‍റെ ആരോഗ്യത്തിൽ അതീവ ഉത്കണ്‌ഠയുണ്ടെന്നും സമാധാന സമ്മാനം നൽകിയ നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് വനിത തടവുകാർ ഹിജാബ് ധരിക്കണമെന്ന നിബന്ധന മനുഷ്യത്വരഹിതവും ധാർമ്മികമായി അംഗീകരിക്കാനാവില്ലെന്നും സമിതി അധ്യക്ഷൻ ബെറിറ്റ് റെയ്‌സ്-ആൻഡേഴ്‌സൺ ആരോപിച്ചു.
നർഗസ് മുഹമ്മദിയുടെ നിരാഹാര സമരം സ്ഥിതിഗതികളുടെ ഗൗരവം തെളിയിക്കുന്നു. നർഗീസ് മുഹമ്മദിക്കും മറ്റ് വനിത തടവുകാർക്കും അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ നോർവീജിയൻ നൊബേൽ കമ്മറ്റി ഇറാനിയൻ അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ ഇറാനിയൻ ഉദ്യോഗസ്ഥരും ഭരണകൂട നിയന്ത്രണത്തിലുള്ള ടെലിവിഷൻ ശൃംഖലയും മുഹമ്മദിയുടെ നിരാഹാര സമരം അംഗീകരിച്ചിട്ടില്ല. ഇറാനിലെ സ്ത്രീകൾ ജോലികളും അക്കാദമിക് സ്ഥാനങ്ങളും സർക്കാർ നിയമനങ്ങളും വഹിക്കുമ്പോൾ നിർബന്ധിത ഹിജാബ് പോലുള്ള നിയമങ്ങളാൽ അവരുടെ ജീവിതം ഭാഗികമായി കർശനമായി നിയന്ത്രിക്കപ്പെടുന്നുണ്ട്.
ശിരോവസ്‌ത്രം ശരിയായ രീതിയിൽ ധരിക്കാത്തതിന്‍റെ പേരില്‍ ഇറാൻ മകാര്യ പൊലീസ് മര്‍ദിച്ചുകൊന്ന മഹ്‌സ അമിനിക്കുവേണ്ടി തെരുവിലിറങ്ങി പോരാടിയതിനെ തുടര്‍ന്നാണ് നര്‍ഗസ് ടെഹ്‌റാനിലെ ജയിലിലായത്. 2010 മുതൽ എവിന്‍ ജയിലിലാണ് നർഗീസ്. കൂടാതെ 13 തവണ മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.