ന്യൂയോർക്ക് : വളര്‍ത്തുമൃഗങ്ങളുടെ കടകളിലെ വില്‍പ്പന നിരോധിക്കാന്‍ ന്യൂയോര്‍ക്ക്. ഗവര്‍ണര്‍ കാത്തി ഹോചുളാണ് പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. 2024 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. വില്‍പ്പന കേന്ദ്രങ്ങളില്‍ മൃഗങ്ങളെ മോശമായി പരിചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി വളര്‍ത്തുമൃഗങ്ങളായ പൂച്ച, നായ, മുയല്‍ എന്നിവയെ കടകളില്‍ വില്‍പ്പനക്കായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും. എന്നാല്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ടതോ അല്ലാതെയോ അലയുന്ന മൃഗങ്ങള്‍ക്ക് സംരക്ഷണകേന്ദ്രം ഒരുക്കുന്നതിന് നിയമം തടസമല്ല. കൂടുതലായി നായകളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ന്യൂയോര്‍ക്കില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അവയുടെ റീട്ടെയില്‍ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് വേണ്ടിയാണെന്ന് ആക്‌ടിവിസ്റ്റ് സെൻ.മൈക്കൽ ഗിയനാരിസ് പറഞ്ഞു.
വാണിജ്യ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം കടകള്‍ നായകളെ വില്‍പ്പനച്ചരക്ക് പോലെയാണ് പരിഗണിക്കുന്നതെന്നും പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ നിയമം ന്യൂയോര്‍ക്കില്‍ നിരവധി കടകള്‍ അടച്ചുപൂട്ടുന്നതിന് കാരണമാകുമെന്നാണ് ഉടമകളുടെ വാദം. 2017ല്‍ കാലിഫോര്‍ണിയയിലും 2020ല്‍ മേരിലാന്‍ഡിലുമാണ് ആദ്യം ഈ നിയമം നടപ്പിലാക്കിയത്.
പുതിയ നിയമം നടപ്പിലാക്കുമ്പോള്‍ കടകളിലെ വില്‍പ്പന മാത്രമാണ് നിര്‍ത്തലാക്കുക. അതേസമയം കടകളിലല്ലാതെ വില്‍പ്പന നടത്തുന്നവരെ നിയമം ബാധിക്കില്ല. ന്യൂയോര്‍ക്കില്‍ നിരവധി പേര്‍ വര്‍ഷങ്ങളായി ഇത്തരം കടകള്‍ നടത്തിയാണ് ജീവിക്കുന്നത്. പുതിയ നിയമം കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് സിറ്റിയിലെ സിറ്റിപപ്‌സ് പെറ്റ് ഷോപ്പ് മാനേജരായ എമിലിയോ ഒർട്ടിസ് പറഞ്ഞു.
ഞങ്ങളുടെ കടയിലെത്തുന്ന 90 ശതമാനം നായകളും വേഗത്തില്‍ വിറ്റുപോകാറുണ്ടെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്ക് നിയമം തിരിച്ചടിയാണെന്നും ഒര്‍ട്ടിസ് വിശദീകരിച്ചു. മോശം ചുറ്റുപാടില്‍ നായകളെ സംരക്ഷിക്കുന്നത് ഇല്ലാതാക്കാനായി പ്രാബല്യത്തില്‍ കൊണ്ടുവരുന്ന പുതിയ നിയമം നല്ല രീതിയില്‍ നായകളെ പരിചരിക്കുന്ന കച്ചവടക്കാര്‍ക്ക് തിരിച്ചടിയാണെന്ന് പീപ്പിൾ യുണൈറ്റഡ് ടു പ്രൊട്ടക്റ്റ് പെറ്റ് ഇന്‍റഗ്രിറ്റിയുടെ പ്രസിഡന്‍റ് ജെസീക്ക സെൽമർ പറഞ്ഞു.
പുതിയ നിയമം കൊണ്ടുണ്ടാകുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍, നടപ്പിലാക്കും മുമ്പ് ഗവര്‍ണര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ജെസീക്ക കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ നിയമത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് വീട്ടില്‍ മൃഗങ്ങളെ സംരക്ഷിക്കുന്ന ലിസ ഹാനി പറഞ്ഞു. മൃഗങ്ങളെ വില്‍ക്കുന്ന ചില കടകളിലെത്തിയാല്‍ ഭയാനകമായ കാഴ്‌ചകള്‍ കാണേണ്ടി വരാറുണ്ട്. നിയമം വരുന്നതോടെ അത്തരം രീതികള്‍ക്ക് അറുതി വരും. മൃഗങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിന് നിയമം സഹായകമാകുമെന്നും ഹാനി കൂട്ടിച്ചേര്‍ത്തു. മൃഗങ്ങള്‍ക്ക് മികച്ച പരിചരണം ലഭിക്കാന്‍ നിയമം സഹായകരമാകുമെന്ന് സംരക്ഷകനായ ഗിയനാരിസ് പറഞ്ഞു.