ന്യൂയോര്‍ക്: ബ്രൂക്ക്‌ലിനിലെ ഭൂഗര്‍ഭ മെട്രോയില്‍ വെടിവയ്പ് നടത്തിയയാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെ മാന്‍ഹാട്ടനില്‍ നിന്നാണ് പിടികൂടിയത്. വെടിയേറ്റ പത്തുപേരില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. അക്രമി ഉപയോഗിച്ച തോക്കും വാനും സ്റ്റേഷനു സമീപത്ത് നിന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ചയാണ് (12.04.2022) ആക്രമണം നടന്നത് ആക്രമണം നടന്ന സ്ഥലത്തിന്‍റെ 8 മൈല്‍ അകലെ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയതത്. അറസ്റ്റ് ചെയ്ത പ്രതിയെ ബ്രൂക്ലിനിലെ യുഎസ് ഡിസിട്രിക്ട് കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് സഹയാത്രികർക്ക് നേരെ വെടിയുതിർക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഒരു സബ്‌വേ കാറിനുള്ളിൽ രണ്ട് സ്മോക് ബോംബുകൾ സ്ഥാപിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
2011-ൽ വാങ്ങിയ പിസ്റ്റൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടാതെ മൂന്ന് വെടിമരുന്ന് മാഗസിനുകൾ, ടോർച്ച്, ഹാച്ചെറ്റ്, ഒരു ബാഗ് പടക്കങ്ങൾ, പെട്രോൾ കണ്ടെയ്‌നര്‍ എന്നിവ പൊലിസ്, കോടതിയില്‍ ഹാജരാക്കി.