ഡിജിറ്റൽ കാലമാണിത്, ഇന്‍റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കാനെ കഴിയില്ല. എല്ലാ കാര്യങ്ങൾക്കും ഇന്‍റർനെറ്റിനെ ആശ്രയിച്ചാണ് നാം ജീവിക്കുന്നത്. സാധനങ്ങൾ വാങ്ങാനും പണം കൈമാറാനും വിവിധ സേവനങ്ങൾ ലഭിക്കാനുമൊക്കെ ഇന്‍റർനെറ്റ് അത്യാവശ്യമാണ്. ഉപയോഗപ്രദമായ ചില വെബ്സൈറ്റുകളെ പരിചയപ്പെട്ടാലോ..
തെറ്റില്ലാതെ ഇംഗ്ലീഷ് എഴുതാം: ഇംഗ്ലീഷ് ചിലര്‍ക്ക് ബാലികേറാമലയാണ്. ഇംഗ്ലീഷിൽ എന്തെങ്കിലും എഴുതികൊടുക്കേണ്ട ആവശ്യം വന്നാൽ പറയണ്ട. എന്നാൽ ഇംഗ്ലീഷിൽ എഴുതാൻ ഇനി പേടിക്കണ്ട. അതിന് നിങ്ങളെ സഹായിക്കുന്ന വെബ് സൈറ്റാണ് hemingwayapp.com. ഫ്രീയായി ഇംഗ്ലീഷ് പഠിക്കാം. വ്യാകരണം, പദങ്ങൾ, ശൈലികൾ, സംഭാഷണങ്ങൾ എന്നിവ ഇതിൽ ലഭ്യമാണ്. നിങ്ങളെഴുതുന്ന സങ്കീർണമായ വാചകങ്ങളിലെ തെറ്റുകൾ ആപ്പിൽ ചൂണ്ടിക്കാണിക്കും.
വാചകങ്ങൾ മഞ്ഞനിറത്തിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് മാറ്റണം. ചുവപ്പ് നിറത്തിലാണെങ്കിൽ വളരെ സങ്കീർണമായ ഭാഷയാണെന്നാണ് വ്യക്തമാക്കുന്നത്. വാക്കുകൾ പർപ്പിൾ നിറത്തിലാണെങ്കിൽ അതിനുപകരം മറ്റൊരു ചെറിയ വാക്ക് ഉപയോഗിക്കണമെന്നാണ്. ക്രിയാവിശേഷണങ്ങളും അപ്രസക്തമായ ശൈലികളും നീല നിറത്തിൽ ഹൈലൈറ്റ് ചെയ്യും. ഇംഗ്ലീഷിൽ നന്നായി എഴുതാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ട്രെൻഡിങിന്‍റെ ലോകം: ഓരോ നിമിഷവും പുതിയ കാര്യങ്ങളാണ് ഇന്‍റർനെറ്റിൽ സംഭവിക്കുന്നത്. വ്ലോഗർമാരുടെയും ഇൻസ്‌റ്റഗ്രാം ഇൻഫ്‌ളുവൻസേഴ്‌സിന്‍റെയും കാലമാണിത്. ഇവിടെ കണ്ടന്‍റുകൾക്കാണ് പ്രാധാന്യം. ട്രെൻഡിങ് കണ്ടന്‍റുകൾ അവതരിപ്പിക്കുന്നവർക്കേ മുന്നേറാൻ സാധിക്കൂ. എന്നാൽ കടലുപോലെ കിടക്കുന്ന ഇന്‍റർനെറ്റിൽ നിന്ന് ട്രെൻഡ് എന്താണെന്ന് കണ്ടുപിടിക്കുക എന്നത് ചില്ലറ കാര്യമല്ല. ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് https://contentideas.io/.
വാർത്ത, കല, വിനോദം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സൗന്ദര്യം, ആരോഗ്യം, ശാരീരികക്ഷമത, യാത്ര, ധനകാര്യം, ശാസ്‌ത്രം തുടങ്ങിയ ഏതു വിഷയത്തിലും നടക്കുന്ന ഏറ്റവും പുതിയ കാര്യം ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. വ്ലോഗുകൾ ചെയ്യുന്നതിന് ആവശ്യമായ പുത്തൻ ആശയങ്ങൾ ഈ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് നേടാം.
പഠിക്കാം ഇന്‍റർനെറ്റിലൂടെ: ഫോണിലും കമ്പ്യൂട്ടറിലും നോക്കി ഇരിക്കാൻ മാത്രമേ ഈ പിള്ളേർക്ക് അറിയൂ എന്ന് പറയുന്നവർക്ക് മുന്നിൽ തോറ്റു പിന്മാറരുത്. നിങ്ങൾക്ക് പഠിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ആഗ്രഹമുണ്ടെങ്കിൽ ദേ.. freelearninglist.org എന്ന വെബ്സൈറ്റിൽ കയറി നോക്ക്.
നിങ്ങൾ തിരയുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങൾ ഒരിടത്ത് നിന്ന് തന്നെ അറിയാൻ കഴിയുന്ന ഒരു വെബ്സൈറ്റാണിത്. യൂട്യൂബ്, പോഡ്‌കാസ്‌റ്റുകൾ, കോഴ്‌സുകൾ, സബ്‌റെഡിറ്റുകൾ, ഭാഷകൾ, പ്രോഗ്രാമിങ്, പുസ്‌തകങ്ങൾ എന്നിങ്ങനെ നിങ്ങൾക്ക് വേണ്ടതെല്ലാം ഒരിടത്ത് കാണാം.
സംശയങ്ങൾക്ക് ശാസ്‌ത്രീയ ഉത്തരം: നിങ്ങളുടെ ചുറ്റും നടക്കുന്ന ഏതെങ്കിലും കാര്യം കാണുമ്പോൾ ഇതൊക്കൊ സത്യമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. അല്ലെങ്കിൽ ഏതെങ്കിലും വീഡിയോ കാണുമ്പോൾ ഇതിന്‍റെ സത്യാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ച് ഗവേഷകർ എന്താണ് പറയുന്നതെന്ന് എങ്ങനെ അറിയാനാകും? HTTPS://consensus.app വെബ്‌സൈറ്റിൽ നോക്കൂ.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനാണിത്. നിങ്ങൾക്ക് അറിയേണ്ട കാര്യം ചോദിച്ചാൽ ശാസ്‌ത്രീയ ഗവേഷണങ്ങളിൽ നിന്ന് അതിന്‍റെ ഉത്തരം കണ്ടെത്തി നിങ്ങളുടെ മുമ്പിൽ കൊണ്ടുവരും.
പുസ്‌തകങ്ങളെ ഇഷ്‌ടപ്പെടുന്നവരെ ഇതിലേ: നിങ്ങൾ പുസ്‌തകങ്ങൾ ഇഷ്‌ടപ്പെടുന്നവരാണോ? വായിക്കുന്നതിന് മുൻപ് ഒരു പുസ്‌തകത്തിൽ എന്താണ് പറയുന്നതെന്ന് അറിയണോ. നിങ്ങൾക്ക് ഏതെങ്കിലും പുസ്‌തകത്തെകുറിച്ച് അറിയണമെങ്കിൽ https://books.google.com/talktobooks എന്ന വെബ്സൈറ്റ് അതിന് സഹായിക്കും.
ഇ-സിഗ്നേച്ചറുകൾ: ഇന്നത്തെ കാലത്ത് ഇ-സിഗ്നേച്ചറുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. സാധാരണ ഡോക്യുമെന്‍റിൽ മാത്രമല്ല, ഇപ്പോൾ പിഡിഎഫിലും ഒപ്പിന്‍റെ ആവശ്യമുണ്ടാകാറുണ്ട്. https://signfree.io എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഇ-സിഗ്നേച്ചറുകൾ അനായാസം ഇടാം.
ആദ്യത്തെ ഇലക്ട്രോണിക് സിഗ്നേച്ചർ പ്രൊവൈഡറാണിത്. ഈ വെബ്സൈറ്റിലൂടെ ഏത് ഫോർമാറ്റിലുള്ള രേഖയിലും സൗജന്യമായി ഇ-സിഗ്നേച്ചർ ചെയ്യാം. pdf, docs, png, jpg, excel, RTF, tiff, jpeg എന്നിങ്ങനെ ഏത് ഡോക്യൂമെന്‍റിലും ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഒപ്പിടാം. ഒപ്പിട്ട രേഖകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.
തിരക്കുകൾക്കിടയിലും മനസ് ശാന്തമാക്കാം: ജോലിത്തിരക്കുകൾക്കിടയിൽ മനസ് ശാന്തമാക്കാൻ യാത്രകൾ പോകുന്നവരാണ് എല്ലാവരും. എന്നാൽ ജോലി ചെയ്യുന്നതിനിടയിൽ റിലാക്‌സ് ആകാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് ഉപയോഗപ്രദമായ ഒരു വെബ്സൈറ്റാണ് https://lofi.co/home.
ജോലിക്ക് യാതൊരു തടസവും സൃഷ്‌ടിക്കാതെ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സംഗീതം പ്ലേ ചെയ്യുന്നു. തിരക്കേറിയ ഹോട്ടലിലോ കടൽത്തീരത്തോ ആകട്ടെ മനസിന് കുളിർമയേകുന്ന ഒരു അനുഭവം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് സംഗീതം തിരഞ്ഞെടുക്കുകയും ചെയ്യാം.
വായിക്കാം കിൻഡിലിൽ: ഓൺലൈൻ ക്ലാസുകളുടെ കാലമാണിത്. ദീർഘനേരം കംപ്യൂട്ടർ സ്‌ക്രീനിൽ നോക്കുന്നത് കണ്ണിന് തകരാറുണ്ടാക്കും. എന്നാൽ കണ്ണ് വേദനിക്കാതെ കിൻഡിൽ ടൂൾ എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും വായിക്കാം. കണ്ണുകളുടെ സമ്മർദം കുറച്ച്, കൂടുതൽ ഏകാഗ്രതയോടെ വായിക്കാൻ https://ktool.io എന്ന വെബ്സൈറ്റ് സഹായിക്കും.
വിക്കിപീഡിയ ലേഖനങ്ങൾ, ട്വിറ്റർ ത്രെഡുകൾ, പിഡിഎഫുകൾ, ഡോക്‌സ്, ഇ-ബുക്കുകൾ എന്നിവയെല്ലാം ഈ വെബ്സൈറ്റിൽ പിന്തുണയ്ക്കും. ഉപയോഗിക്കാനും വളരെ എളുപ്പമാണ് എന്നതാണ് പ്രത്യേകത. ഒറ്റ ക്ലിക്കിൽ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് അയയ്‌ക്കുക. ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഇത് ഉപയോഗിക്കാം.