കീവ്: കിഴക്കൻ നഗരമായ ഇസിയത്തിന് പുറത്തുള്ള വനത്തിൽ 440ലധികം മൃതദേഹങ്ങൾ അടങ്ങിയ ഒരു കൂട്ട ശ്‌മശാനം കണ്ടെത്തി യുക്രൈൻ അധികൃതർ. പലരും ഷെല്ലാക്രമണത്തിലും വ്യോമാക്രണത്തിലും കൊല്ലപ്പെട്ടവരാണെന്നും എല്ലാ മൃതദേഹങ്ങളിലും ഫൊറൻസിക് പരിശോധന നടത്തുമെന്നും ഖാർകിവ് മേഖലയിലെ ചീഫ് പൊലീസ് ഇൻവസ്റ്റിഗേറ്റർ സെർഹി ബോൾവിനോവ് യുകെ ആസ്ഥാനമായുള്ള ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനോട് (എബിസി) പറഞ്ഞു.
പ്രദേശങ്ങളിലെ ഏറ്റവും വലിയ ശ്‌മശാനങ്ങളിലൊന്നാണ് ഇതെന്നും ബോൾവിനോവ് കൂട്ടിച്ചേർത്തു. യുക്രൈനിയൻ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലെൻസ്‌കി റഷ്യയുടെ മേൽ കുറ്റം ആരോപിച്ചു. തലസ്ഥാനമായ കീവിന്‍റെ പ്രാന്തപ്രദേശത്തുള്ള ബുച്ചയിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെ വച്ച് ഇതിനെ താരതമ്യം ചെയ്യുകയും ചെയ്‌തു.
സെലെൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്‌ത വീഡിയോയിൽ പുതിയ കൂട്ടക്കുഴിമാടം കണ്ടെത്തിയതിനെക്കുറിച്ച് പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ വെള്ളിയാഴ്‌ച സൈറ്റിലേക്ക് കൊണ്ടുപോകുമെന്നും "യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും റഷ്യൻ അധിനിവേശം എന്തിലേക്ക് നയിച്ചെന്നും ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു"എന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ സേനയുടെ അധിനിവേശത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ, നൂറുകണക്കിന് സിവിലിയൻ നിവാസികളെ ബുച്ചയുടെ തെരുവിലും അവരുടെ വീടുകൾക്ക് അരികിലും കൂട്ടക്കുഴിമാടങ്ങളിലും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബുച്ച കൂട്ടക്കൊലയിൽ റഷ്യക്കെതിരെ യുക്രൈൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച റഷ്യ ഇത് യുക്രൈനിയൻ പ്രചരണമാണെന്ന് പറഞ്ഞു. യുക്രൈനിന്‍റെ പാശ്ചാത്യ സഖ്യ കക്ഷികളും റഷ്യൻ സൈന്യം കൂട്ടക്കുരുതി ചെയ്‌തതായി ആരോപിച്ചിരുന്നു. ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം യുക്രൈനിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചു.
യുകെ, യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ യുക്രൈനിലെ റഷ്യയുടെ സൈനിക നടപടികളെ അപലപിക്കുകയും മോസ്‌കോയിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു. റഷ്യയെ നേരിടാൻ യുക്രൈന് സൈനിക സഹായം നൽകുമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.
Also read: ശവപ്പറമ്പായി കീവ്; 900ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി, ബുച്ചയില്‍ നിന്ന് മാത്രം 350ലേറെ
Also read: ചാവുനിലമായി യുക്രൈന്‍ ; മരിയുപോളിന് സമീപം ശ്‌മശാനം, 9000 പേര്‍ക്ക് കൂട്ട സംസ്‌കാരം