ബെയ്‌ജിങ്: ചൈനയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന (സൂണോട്ടിക്) വൈറസ് കണ്ടെത്തി. കരള്‍, വൃക്ക എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ലാംഗ്യ ഹെനിപ വൈറസാണ് കണ്ടെത്തിയത്. ചൈനയിലെ ഹെനാന്‍, ഷാന്‍ഡോങ് പ്രവശ്യകളിലായി ഇതുവരെ 35 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വൈറസ് സംബന്ധിച്ച് വിവരങ്ങളുള്ളത്. പനി രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചതിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഈയടുത്ത കാലത്ത് കിഴക്കന്‍ ചൈനയില്‍ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായവരിലാണ് വൈറസ് കണ്ടെത്തിയത്.
പ്രധാന ലക്ഷണങ്ങള്‍: വൈറസ് ബാധിതരില്‍ ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ല. പനി, ക്ഷീണം, ജലദോഷം, വിശപ്പില്ലായ്‌മ, പേശി വേദന, മനംപിരട്ടല്‍, തലവേദന, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന അവസ്ഥയായ ത്രോംബോസൈറ്റോപിനിയ, രക്തത്തിൽ ലീക്കോസൈറ്റസ് കുറയുന്ന അവസ്ഥയായ ലൂക്കോപിനിയ, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാകല്‍ തുടങ്ങിയവയാണ് മറ്റ് ലക്ഷങ്ങള്‍.
വൈറസ് ബാധിതർക്കിടയില്‍ അടുത്ത സമ്പര്‍ക്കം കണ്ടെത്താനായിട്ടില്ല. ലാംഗ്യ ഹെനിപ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമോയെന്നത് സംബന്ധിച്ച് ഗവേഷണം നടക്കുകയാണ്. രോഗികളില്‍ 9 പേരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തിയെങ്കിലും ആര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ലാംഗ്യ ഹെനിപ വൈറസിനെതിരെ വാക്‌സിനോ മറ്റ് ചികിത്സയോ നിലവില്‍ ലഭ്യമല്ല.
നിലവില്‍ സ്ഥിരീകരിച്ച ലാംഗ്യ ഹെനിപ വൈറസ് കേസുകള്‍ ഗുരുതരമല്ലെന്നും അതുകൊണ്ട് പരിഭ്രാന്തരാകണ്ടെന്നും ഡ്യൂക്ക്- എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫര്‍ വാങ് ലിന്‍ഫ പറഞ്ഞു. 2019ലാണ് ആദ്യമായി ലാംഗ്യ ഹെനിപ വൈറസ് മനുഷ്യരില്‍ സ്ഥിരീകരിക്കുന്നത്. ഈ വർഷമാണ് കൂടുതല്‍ കേസുകളും കണ്ടെത്തിയത്.
മനുഷ്യരിലും മൃഗങ്ങളിലും ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ് ഹെനിപവൈറസ്. വവ്വാലുകള്‍ വാഹകരായ ഹെന്‍ഡ്ര, നിപ്പ വൈറസുകളുടെ ജെനസില്‍പ്പെട്ട വൈറസാണ് ഹെനിപ്പ വൈറസും. ബയോസേഫ്‌റ്റി ലൈവല്‍ 4 രേഖപ്പെടുത്തിയ വൈറസിന് 40-75 ശതമാനമാണ് മരണനിരക്കെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊറോണ വൈറസിനേക്കാള്‍ മരണനിരക്ക് കൂടുതലാണ് ഹെനിപ്പ വൈറസിന്.