കാഠ്‌മണ്ഡു : നേപ്പാളിൽ ഞായറാഴ്‌ച കാണാതായ വിമാനത്തിലുണ്ടായിരുന്ന 22 പേരുടെയും മൃതദേഹം കണ്ടെത്തി. മുസ്‌താങ് ജില്ലയിലെ സനോസ്‌വരിലാണ് താര എയറിന്‍റെ 9 എൻഎഇടി വിമാനം തകർന്നുവീണത്. പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. നാല് ഇന്ത്യക്കാരും, രണ്ട് ജർമൻ സ്വദേശികളും മൂന്ന് ക്രൂ അംഗങ്ങളുമടക്കമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകർന്നുവീണ സ്ഥലത്ത് നിന്നും കണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് ബേസ് സ്റ്റേഷനിലേക്ക് എത്തിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു. പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോവുകയായിരുന്ന ടർബോപ്രോപ്പ് വിമാനം മനാപതി കൊടുമുടിയുടെ മുകളിൽ നിന്നും 14,500 അടി താഴ്‌ചയിലേക്ക് തകർന്നുവീഴുകയായിരുന്നു.
മോശം കാലാവസ്ഥയും തുടർച്ചയായ മഴയും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടായിരുന്നു. 50-60 രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. അപകടത്തിന് പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഹിമാലയൻ നേഷൻ സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സീനിയർ എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുക.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.