കാഠ്‌മണ്ഡു: നേപ്പാളിൽ കാണാതായ വിമാനം തകർന്നതായി സൂചന. ജിപിഎസ് നെറ്റ് വർക്കിലൂടെ വിമാനത്തിലെ പൈലറ്റ് പ്രഭാകർ പ്രസാദ് ഘിമിരേയുടെ സെൽഫോണിൽ നിന്നും സിഗ്നൽ ലഭിച്ചതായാണ് വിവരം. വിമാനം തകർന്നുവീഴാൻ സാധ്യതയുള്ള നർഷാംഗ് മൊണാസ്ട്രിക്ക് സമീപമുള്ള നദിക്കരയില്‍ സൈനിക ഹെലികോപ്‌റ്ററില്‍ തിരച്ചിൽ നടത്തുന്നുണ്ട്.
10 സൈനികരും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ രണ്ട് ജീവനക്കാരുമാണ് തെരച്ചില്‍ നടത്തുന്ന സൈനിക ഹെലികോപ്റ്ററിലുള്ളത്. തകർന്നുവീണുവെന്ന് കരുതുന്ന വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന വിദേശികളുമുണ്ട്. ശേഷിക്കുന്ന യാത്രക്കാർ നേപ്പാൾ സ്വദേശികളാണ്. നേപ്പാളിലെ താര എയറിന്‍റെ ഉടമസ്ഥതയിലുള്ള ട്വിൻ ഒട്ടർ 9എൻഎഇടി വിമാനം രാവിലെ 10.15 ന് പൊഖാറയിൽ നിന്നാണ് പറന്നുയർന്നത്.
പറന്നുയർന്ന് 15 മിനിറ്റിനു ശേഷം പൊഖാറ-ജോംസോം എയർ റൂട്ടിലെ ഘോറെപാനിയിൽ വെച്ച് കൺട്രോൾ ടവറുമായുള്ള വിമാനത്തിന്‍റെ ബന്ധം നഷ്‌ടപ്പെട്ടു. തുടർന്ന് വിമാനത്തിന് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു. അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിങ്ങനെ നാല് ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പൊഖാറ-ജോംസോം റൂട്ടിൽ മേഘാവൃതമായ മഴയുള്ള കാലാവസ്ഥ ആയതിനാൽ തിരച്ചിൽ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി ബാലകൃഷ്‌ണ ഖണ്ഡ് നേരത്തെ നിർദേശം നൽകിയിരുന്നു.
Also read: നേപ്പാളിൽ വിമാനം കാണാതായി: 22 യാത്രക്കാരില്‍ 4 ഇന്ത്യക്കാരും