ന്യൂഡല്‍ഹി: ചൊവ്വ ഗ്രഹത്തില്‍ മുമ്പ് ജീവന്‍ നിലനിന്നിരിക്കാം എന്ന കണ്ടെത്തലുമായി നാസ. ചൊവ്വ ഉപരിതലത്തിലെ മണ്ണടരുകളുടെ പാറ്റേണ്‍ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ശേഖരിച്ച മണ്ണടരുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് ചൊവ്വയില്‍ പല കാലയളവുകളിലും ജലസാന്നിധ്യം ഉണ്ടായിരുന്നതായി സൂചന ലഭിച്ചതായി നാസ അവകാശപ്പെട്ടു.
ജലം നീരാവിയായി മാറിയതിനാല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ക്രമാനുഗതമായി എല്ലാ കാലത്തും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫ്രാന്‍സ്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനത്തിലാണ് ഈ നിരീക്ഷണമുള്ളത്. നനവുള്ള പ്രതലമുണ്ടായിരുന്ന ഊഷ്‌മളമായ ഗ്രഹത്തില്‍ നിന്ന് ഇന്ന് കാണുന്ന തരത്തിലുള്ള തണുത്തുറഞ്ഞ വരണ്ട ഗ്രഹമായി ചൊവ്വ മാറിയതെങ്ങിനെ എന്നുള്ള അന്വേഷണത്തിലേക്ക് പുതിയ കണ്ടെത്തലുകള്‍ വെളിച്ചം വീശുമെന്നാണ് കരുതുന്നത്.
ക്യൂരിയോസിറ്റി ശേഖരിച്ച മണ്ണടരുകളുടെ സാമ്പിളുകളില്‍ ഏതാനും സെന്‍റീ മീറ്റര്‍ വീതിയിലുള്ള വിള്ളലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഈ വിള്ളലുകള്‍ ഒരു കാലത്ത് ജലസാന്നിധ്യം ഉണ്ടായിരുന്നതിന് തെളിവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വലിയ തോതിലല്ലെങ്കിലും ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളം ദ്രാവക രൂപത്തില്‍ ഉണ്ടായിരുന്നതിന്‍റേയും പിന്നീടത് പരിവര്‍ത്തനത്തിന് വിധേയമായതിന്‍റേയും തെളിവുകളാണ് ലഭിച്ചതെന്ന് ക്യൂരിയോസിറ്റി റോവറിലെ നിരീക്ഷണ ക്യാമറകളുടെ വിശകലനം നടത്തുന്ന ഗവേഷക നൈന ലന്‍സ പറഞ്ഞു.
ഭൂമിയില്‍ മണ്ണടരുകള്‍ക്കിടയിലെ വിള്ളലുകള്‍ ഇംഗ്ലീഷ് അക്ഷരം T യുടെ രൂപമാണ് ആദ്യം കൈക്കൊള്ളുക. നിരന്തരം ഉണ്ടാവുന്ന നനവും ഉണക്കവും കാരണം ഇത് പിന്നീട് Y എന്ന രൂപം കൈവരിക്കും. ചൊവ്വയില്‍ നിന്ന് കിട്ടിയ മണ്ണടരുകളിലെ വിള്ളലുകള്‍ക്കുള്ള Y രൂപം അവിടെ വെള്ളം ഉണ്ടായിരുന്നതിന്‍റെ മാത്രമല്ല ചൊവ്വയില്‍ നനുത്തതും വരണ്ടതുമായ കാലാവസ്ഥ സൈക്കിളുകളുടെ ആവര്‍ത്തനം ഉണ്ടായിരുന്നു എന്നതിന്‍റേയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൊവ്വയുടെ ഉപരിതലത്തിലെ Y ആകൃതിയിലുള്ള മണ്ണടരുകള്‍ ഗ്രഹത്തില്‍ ജലത്തിന്‍റെ സാന്നിധ്യം ഉണ്ടായതിന്‍റെ തെളിവാണെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ചൊവ്വയില്‍ കണ്ടെത്തിയ ഈ വിള്ളലുകള്‍ക്ക് ഏതാനും സെന്‍റീമീറ്റര്‍ മാത്രമെ ആഴമുള്ളൂ. ഗ്രഹത്തില്‍ സംഭവിച്ചിട്ടുള്ള കാലാവസ്ഥ സൈക്കിളുകള്‍ കാലാനുസൃതമായി സംഭവിച്ചതാകാം. അതല്ലെങ്കില്‍ വേഗത്തില്‍ സംഭവിക്കുന്ന ഒരു വെള്ളപ്പൊക്കം പോലെ ഉണ്ടായതായിരിക്കാമെന്നും വിദഗ്‌ധര്‍ പറയുന്നു.
ചൊവ്വയിലെ ഇത്തരം കണ്ടെത്തലുകള്‍ ഗ്രഹത്തില്‍ ഒരിക്കല്‍ ഭൂമിക്ക് സമാനമായ കാലാവസ്ഥ ഉണ്ടായിട്ടുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൊവ്വയില്‍ ശരിയായ രീതിയില്‍ പ്രോട്ടീനുകളും ആര്‍എന്‍എയും അടങ്ങിയ ജൈവ തന്മാത്രകള്‍ ഉണ്ടെങ്കില്‍ അത് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്ന പോളിമെറിക് തന്മാത്രകളുടെ രൂപീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളയിടമാണെന്ന് ശാസ്‌ത്രജ്ഞന്‍ പാട്രിക് ഗാഡ്‌സ പറഞ്ഞു.
നനുത്ത കാലാവസ്ഥയില്‍ ചൊവ്വയില്‍ തന്മാത്രകള്‍ രൂപമെടുക്കുകയും വരണ്ട കാലാവസ്ഥയില്‍ അത് പോളിമെറുകളായി രൂപമെടുക്കുകയും ചെയ്യുന്നു. നിരന്തരം ഇത്തരം പ്രക്രിയ നടന്നു കൊണ്ടിരുന്നാല്‍ അവിടെ കൂടുതല്‍ സങ്കീര്‍ണമായ തന്മാത്രകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പാട്രിക് ഗാഡ്‌സ വ്യക്തമാക്കി. ചൊവ്വയിലുണ്ടാകുന്ന ഇത്തരം തന്മാത്രകളുടെ രൂപീകരണം കൂടുതല്‍ ജൈവ തന്മാത്രകള്‍ ഉണ്ടാകുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല ഇത്തരം പ്രതിഭാസങ്ങള്‍ ചൊവ്വ ഗ്രഹം വാസയോഗ്യമായ ഇടമാണെന്നതിന്‍റെ വ്യക്തമായ ചിത്രമാണെന്നും ഗവേഷക നൈന ലാന്‍സ പറഞ്ഞു.