മുംബൈ: മയക്കു മരുന്ന് കൈവശം വച്ചുവെന്ന കേസില്‍ യുഎഇയിൽ അറസ്റ്റിലായ നടി ക്രിസൻ പെരേര ജയില്‍ മോചിതയായി. ഷാര്‍ജയിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ക്രിസന്‍ പെരേരയെ മോചിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ബുധനാഴ്‌ച രാത്രിയാണ് യുഎഇയില്‍ ക്രിസൻ പെരേര ജയില്‍ മോചിതയായത്.
- " class="align-text-top noRightClick twitterSection" data="
">
കേസുമായി ബന്ധപ്പെട്ട രേഖകൾ മുംബൈ പൊലീസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം ക്രിസന്‍ പെരേര മുംബൈയിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേസ് ഇങ്ങനെ: ഹോളിവുഡ് വെബ് സീരീസിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് രണ്ട് പേർ 27 കാരിയായ നടിയെ വഞ്ചിക്കുകയായിരുന്നു എന്നാണ് മുംബൈ പൊലീസ് പറയുന്നത്. വെബ് സീരീസിന്‍റെ ഓഡിഷന്‍ എന്ന പേരില്‍ നടിയെ ഇവർ ഷാര്‍ജയിലേയ്‌ക്ക് അയച്ചു. ഓഡിഷന് പോകുന്നതിനിടെ മയക്കു മരുന്ന് നിറച്ച ഒരു ട്രോഫി ഇവര്‍ ക്രിസന്‍ പെരെരയ്‌ക്ക് നല്‍കിയിരുന്നു.
ട്രോഫിയുമായി ഷാര്‍ജ വിമാനത്താവളത്തിലെത്തിയ പെരേരയുടെ കൈ വശം മയക്കു മരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിന് തുടര്‍ന്ന് നടി അറസ്‌റ്റിലാവുകയായിരുന്നു. ക്രിസന്‍ അറസ്‌റ്റിലായ ശേഷം പ്രതികളായ രവി ബോഭട്ടെയും ആന്‍റണി പോളും ക്രസന്‍ പെരേരയെ രക്ഷിക്കുന്നതിനായി നടിയുടെ അമ്മയോട് 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് ക്രിസന്‍റെ അമ്മ മുംബൈ പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌ത് അവര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു.
കേസിലെ മുഖ്യപ്രതികളായ ബോറിവാലിയിലെ ബേക്കറിക്കാരനായ ആന്‍റണി പോൾ (35), ഇയാളുടെ കൂട്ടാളി ബാങ്കർ രവി എന്ന രാജേഷ് ബുഭാട്ടെ (34) എന്നിവരെ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. ക്രിസനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി സമാന രീതിയില്‍ പ്രതികള്‍ കബളിപ്പിച്ചിരുന്നു. ദുബായില്‍ പോകുന്നതിന് മുമ്പായി ക്രിസനും മറ്റൊരാള്‍ക്കും മയക്ക് മരുന്ന് നിറച്ച ട്രോഫിയും കേക്കുകളും നല്‍കിയിരുന്നതായി പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
ദുബായിലേക്ക് പറക്കുന്നതിന് മുമ്പ് മൂന്ന് പേർക്ക് മയക്കുമരുന്ന് ഒളിപ്പിച്ചതും മറ്റ് രണ്ട് പേർക്ക് മയക്കുമരുന്ന് കലർന്ന കേക്കുകളുമായി അവാർഡ് ട്രോഫികൾ നൽകിയതായി അവർ സമ്മതിച്ചു. ഏപ്രിൽ 1 മുതൽ ക്രിസന്‍ ജയിലിൽ കഴിയുകയായിരുന്നു.
ക്രിസൻ നിരപരാധിയാണെന്ന് മുംബൈയിലെ അവരുടെ കുടുംബം അറിയിച്ചു. ജയില്‍ മോചിതയായ ക്രിസന്‍റെ വീഡിയോ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു കുടുംബം. കരഞ്ഞുകൊണ്ട് മാതാപിതാക്കളോട് വീഡിയോ കോളില്‍ സംസാരിക്കുന്ന ക്രിസന്‍റെ വീഡിയോയാണ് കുടുംബം പങ്കുവച്ചിരിക്കുന്നത്. വീഡിയോക്കൊപ്പം ഒരു കുറിപ്പും കുടുംബം പങ്കുവച്ചിട്ടുണ്ട്. 'ക്രിസന്‍ ജയില്‍ മോചിതയായി!!! അപ്‌ഡേറ്റ്: അവൾ എന്ന് ഇന്ത്യയിൽ എത്തുമെന്ന കാര്യത്തെ കുറിച്ച് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല.' -ഇപ്രകാരമാണ് ക്രിസന്‍റെ കുടുംബം കുറിച്ചത്.
ക്രിസനെ മോചിപ്പിക്കാനായി പ്രധാനമന്ത്രിയോടും എംഇഎയോടും സഹായം അഭ്യര്‍ഥിക്കാന്‍ കുടുബം നേരത്തെ പദ്ധതിയിട്ടിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രം 'സഡക് 2' ൽ ക്രസന്‍ പെരേര അഭിനയിച്ചിട്ടുണ്ട്.
Also Read: നടി ക്രിസൻ പെരേരയെ കബളിപ്പിച്ച് ലഹരി കേസിൽ കുടുക്കി; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ