ഓഗസ്റ്റ് 20 ലോക കൊതുക് ദിനമായാണ് ആചരിക്കുന്നത്. കൊതുകുകൾ ഉയർത്തുന്ന ഭീഷണിയെയും അവ പരത്തുന്ന രോഗങ്ങളെയും കുറിച്ച് അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഓഗസ്റ്റ് 20ന് ലോക കൊതുക് ദിനം ആചരിക്കുന്നത്. 1897ൽ സർ റൊണാൾഡ് റോസ് മലേറിയ പകർത്തുന്നത് കൊതുകുകളാണെന്ന് കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തത്തിന്‍റെ സ്‌മരണയ്‌ക്കെന്നോണമാണ് ഓഗസ്റ്റ് 20ന് കൊതുകുദിനമായി ആചരിക്കുന്നത്.
കൊതുകുകൾ, മറ്റ് പ്രാണികൾ മൂലമുണ്ടാകുന്ന രോഗങ്ങളെകുറിച്ചും അതിനെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ഗവേഷണം നടത്തുന്നതിന്‍റെയും പ്രാധാന്യത്തെ കുറിച്ചാണ് ലോക കൊതുക് ദിനത്തിൽ ഊന്നിപ്പറയുന്നത്. തുടർച്ചയായ ഗവേഷണം കൊതുകിന്‍റെ സ്വഭാവം മനസ്സിലാക്കാനും പുതിയ പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കാനും നൂതനമായ ചികിത്സകൾ കണ്ടെത്താനും സഹായിക്കും. സമീപ വർഷങ്ങളിൽ, കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ സാങ്കേതിക മുന്നേറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ദ്രുതഗതിയിലുള്ള രോഗനിർണയ പരിശോധനകൾ, മെച്ചപ്പെട്ട ചികിത്സകൾ, നിലവിലുള്ള വാക്‌സിൻ ഗവേഷണം എന്നിവയെല്ലാം രോഗത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള ചുവടുവയ്‌പ്പുകളാണ്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിരവധി രോഗങ്ങൾ പകർത്തുന്നത് കൊതുകുകളാണ്. കൊതുകുകൾ മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
- മലേറിയ (Malaria): പ്ലാസ്‌മോഡിയം പാരസൈറ്റ് കൊണ്ടുണ്ടാകുന്ന രോഗമാണ് മലേറിയ. പെൺ അനോഫിലസ് കൊതുകുകളാണ് (Anopheles mosquitoes) രോഗം പരത്തുന്നത്. പനി, വിറയൽ, ക്ഷീണം എന്നിവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. മലേറിയയെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എങ്കിലും, ഈ രോഗം ഇപ്പോഴും ഓരോ വർഷവും ലക്ഷക്കണക്കിന് ജീവൻ അപഹരിക്കുന്നു. കൂടുതലും കൊച്ചുകുട്ടികളിലും ഗർഭിണികളിലും ഈ രോഗം ഏറെ അപകടകരമാണ്.
- ഡെങ്കിപ്പനി (Dengue fever): ഈഡിസ് കൊതുകുകൾ (Aedes mosquitoes) പരത്തുന്ന വൈറൽ രോഗമാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, ശരീരത്തിൽ ചുണങ്ങ് പോലെയുള്ള പാടുകൾ (കൂടുതലും ചുണങ്ങ് പോലെയുള്ള പാടുകൾ രോഗികളിൽ കാണപ്പെടുന്നത് ഉഷ്‌ണമേഖല ഉപ ഉഷ്‌ണമേഖല പ്രദേശങ്ങളിലുള്ളവർക്കാണ്). ഇതിന് പ്രത്യകേ ആന്‍റി വൈറൽ ചികിത്സയില്ലാത്തതിനാൽ സപ്പോർട്ടീവ് കെയർ നൽകുകയാണ് പതിവ് ചികിത്സാരീതി.
- സിക്ക വൈറസ് (zika virus) : ഈഡിസ് കൊതുകുകൾ വഴിയാണ് സിക്ക വൈറസ് പകരുന്നത്. നേരിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ജനന വൈകല്യങ്ങളുണ്ടാക്കാൻ ഇടയുള്ളതിനാൽ ഈ രോഗം ഗർഭിണികളിൽ ഏറെ ആശങ്ക ഉളവാക്കുന്നു.
- യെല്ലോ ഫീവർ (yellow fever) : ഈഡിസ് കൊതുകുകൾ (Aedes mosquitoes) പരത്തുന്ന രോഗമാണിത്. അവയവങ്ങളുടെ പ്രവർത്തനത്തെയാണ് ഈ രോഗം ബാധിക്കുന്നത്.
- ചിക്കുൻഗുനിയ (chikungunya) : കഠിനമായ സന്ധി വേദനയാണ് ചിക്കുൻഗുനിയയുടെ ലക്ഷണം. ഈഡിസ് കൊതുകുകളാണ് (Aedes mosquitoes) രോഗം പരത്തുന്നത്.
- വെസ്റ്റ് നൈൽ വൈറസ് (west nile virus): ക്യൂലക്‌സ് കൊതുകുകൾ (Culex mosquitoes) പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ വൈറസ്. പനി, തലവേദന, വളരെ സങ്കീർണമായ അവസ്ഥയിൽ നാഡീസംബന്ധമായ പ്രശ്‌നങ്ങളുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
- ജപ്പാൻ ജ്വരം (japanese encephalitis) : ജാപ്പനീസ് മസ്‌തിഷ്‌ക ജ്വരം ക്യൂലക്‌സ് കൊതുകുകൾ (Culex mosquitoes) വഴിയാണ് പകരുന്നത്. ഇത് തലച്ചോറിന്‍റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഇത് മൂലം തലച്ചോറിന് വീക്കം ഉണ്ടാക്കാം.
കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനുള്ള വഴികൾ
- കൊതുകുകളെ തുരത്തുന്ന മരുന്ന് ഉപയോഗിക്കുക. പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA)-അംഗീകൃതമായ മരുന്നുകൾ വേണം ഉപയോഗിക്കാൻ. ഇവ ശരീരത്തിലും വസ്‌ത്രത്തിലും തേച്ച് പിടിപ്പിക്കുക. ഇത്തരത്തിലുള്ള മരുന്നുകളിൽ ഡീറ്റ് (DEET), പികാരിഡിൻ, ലെമൺ യൂക്കാലിപ്‌റ്റിസ് ഓയിൽ പോലുള്ള ചേരുവകൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
- ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുക. കൊതുക് ഒരുപാടുള്ള സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ കൂടുതലും ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രം ധരിക്കുക. ഇത് കൂടാതെ കാൽപാദങ്ങൾ മൂടുന്ന തരത്തിൽ സോക്‌സും ഷൂസും ധരിക്കുക. കൊതുകുകൾ ഏറ്റവും സജീവമായ പ്രഭാതങ്ങളിലും സന്ധ്യയിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
- കൊതുകുവലകൾ ഉപയോഗിക്കുക. ഉറങ്ങുന്ന സമയം പരമാവധി ബെഡ് നെറ്റിനടിയിൽ ഉറങ്ങാൻ ശ്രമിക്കുക.
- കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. ബക്കറ്റുകൾ, പൂച്ചട്ടികൾ, ഗട്ടറുകൾ എന്നിവയിലൊക്കെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക. വെള്ളം എവിടെയും കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്നുവെന്ന് ഉറപ്പാക്കണം.
- വാതിലുകളും ജനലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും സ്‌ക്രീനുകൾ ഉപയോഗിക്കാം. കൊതുകുകൾ വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ അവ കൃത്യമായി അടച്ചിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാം. കൊതുകുകൾ ഏറ്റവും കൂടുതൽ സജീവമായിരിക്കുന്ന പ്രഭാതത്തിലും സന്ധ്യാസമയത്തും പുറത്ത് നിൽക്കുന്നത് ഒഴിവാക്കുക.
- വീടിനുള്ളിൽ ഫാനുകൾ ഉപയോഗിക്കണം. അപ്പോൾ കൊതുകുകളെ പോലുള്ള പ്രാണികൾക്ക് ദുർബലമായെ പറക്കാൻ സാധിക്കൂ. അത്തരം സാഹചര്യങ്ങളിൽ അവയ്‌ക്ക് നിങ്ങളുടെ മേൽ വന്നിരിക്കാൻ കഴിയില്ല.
- ചെറിയ കുറ്റിക്കാടുകളും ചെടികളുമൊക്കെ കൊതുകുകൾ വന്നിരിക്കുന്ന സ്ഥലങ്ങളാണ്. ഇത്തരത്തിലുള്ള വിശ്രമ സ്ഥലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ വീടിന് ചുറ്റുമുള്ള ചെടികളും മറ്റും വെട്ടിയൊതുക്കുക.
- പൂളുകളും കുളങ്ങളും ശുചിത്വത്തോടെ സൂക്ഷിക്കുക. നിങ്ങളുടെ വീടിന്‍റെ പരിസരത്ത് കുളങ്ങളോ മറ്റോ ഉണ്ടെങ്കിൽ അത് വൃത്തിയായി പരിപാലിക്കുക. കൊതുകുകൾ പെരുകുന്നത് തടയാൻ ശരിയായി ക്ലോറിനേറ്റ് ചെയ്‌ത് സൂക്ഷിക്കണം.
- യാത്ര മുൻകരുതലുകൾ സ്വീകരിക്കുക. യാത്ര ചെയ്യുമ്പോൾ ആ പ്രദേശത്ത് നിലവിലുള്ള രോഗങ്ങളെ കുറച്ച് അറിഞ്ഞിരിക്കുക. ലഭ്യമാണെങ്കിൽ വാക്‌സിനേഷൻ ഉൾപ്പെടെ ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കുക.
സജീവമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെ ഈ രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ സഹായകമായിരിക്കും. ലോക കൊതുക് ദിനം ആചരിക്കുമ്പോൾ, കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരായ പോരാട്ടം ഒരു ദിവസത്തിനപ്പുറമാണെന്ന് തിരിച്ചറിയുക. ഈ രോഗങ്ങളുടെ ഉന്മൂലനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജാഗ്രത, സമൂഹത്തിന്‍റെ ഇടപെടൽ, ആഗോള സഹകരണം എന്നിവ അത്യാവശ്യമാണ്. അവബോധം വളർത്തുന്നതിലൂടെയും ഗവേഷണത്തെ പിന്തുണക്കുന്നതിലൂടെയും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെയും, ഈ രോഗങ്ങൾ പകരുന്നത് തടഞ്ഞുനിർത്താൻ സാധിക്കും.