മൊഗാദിഷു (സൊമാലിയ): സൊമാലിയയിലെ ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലിന് നേരെയാണ് തീവ്രവാദികൾ വെടിവയ്‌പ്പും ബോംബാക്രമണവും നടത്തിയത്.
ഹോട്ടലിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദികളുമായുള്ള സൈന്യത്തിന്‍റെ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് തീവ്രവാദ സംഘടനയായ അൽ ഷബാബ് ഏറ്റെടുത്തു.
ആദ്യം ഭീകരർ ഹോട്ടലിന് നേരെ വെടിയുതിർത്തു. പിന്നീട് രണ്ട് കാറുകളിൽ സ്‌ഫോടക വസ്‌തുക്കളുമായാണ് തീവ്രവാദികൾ എത്തിയത്. ഒരു കാർ ഹോട്ടലിന് മുന്നിലെ ബാരിയറിലും മറ്റൊന്ന് ഹോട്ടലിന്‍റെ കവാടത്തിലേക്കും ഇടിച്ചു കയറ്റുകയായിരുന്നു.
ഹോട്ടലിനുള്ളിൽ തീവ്രവാദികൾ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ വെടിവയ്‌പ്പ് തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥൻ അബ്‌ദികാദിർ ഹസൻ പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വലിയ തോതിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതീവ സുരക്ഷിത മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥരും സാധാരണക്കാരും പതിവായി സന്ദർശിക്കുന്ന മേഖലയാണിത്. ആക്രമണം നടത്തിയ അൽ ഷബാബ് ഐഎസിനോട‌് കൂറ‌് പ്രഖ്യാപിച്ച സംഘടനയാണ‌്.
കഴിഞ്ഞ 10 വർഷമായി സൊമാലിയൻ സർക്കാരിനെ താഴെയിറക്കാൻ അൽ-ഷബാബ് ഭീകരർ ശ്രമിക്കുന്നുണ്ട്. ഈ വർഷം മെയിൽ പ്രസിഡന്‍റ് ഹസൻ ഷെയ്‌ഖ് മുഹമ്മദ് ചുമതലയേറ്റ ശേഷം സൊമാലിയയിലുണ്ടായ ആദ്യത്തെ തീവ്രവാദ ആക്രമമാണിത്. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 13 സൊമാലിയൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു.
സൊമാലിയൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. നേരത്തെയും സമാനമായ ആക്രമണങ്ങൾ അൽ ഷബാബ് സൊമാലിയയിൽ നടത്തിയിട്ടുണ്ട്. 2020 ഓഗസ്‌റ്റിൽ മൊഗാദിഷുവിലെ മറ്റൊരു ഹോട്ടലിൽ നടത്തിയ ഭീകരാക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്.
2011-ൽ അൽ-ഷബാബ് തീവ്രവാദികളെ രാജ്യത്തുനിന്നും ആഫ്രിക്കൻ യൂണിയൻ സേന പുറത്താക്കിയതാണ്. ആഫ്രിക്കൻ യൂണിയന്‍റെ സംരക്ഷണവും പാശ്ചാത്യ പിന്തുണയുമുള്ള സൊമാലിയ സർക്കാരിനെ അട്ടിമറിക്കാനാണ് അൽ ഷബാബിന്‍റെ ശ്രമം. 1991 മുതൽ രാജ്യത്ത് അരാജകത്വവും അക്രമവുമാണ്.