ബോസ്റ്റണ്‍: ടെറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാന്‍ പോയി അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹനിക്കായി ഇന്നും തെരച്ചില്‍ ഊര്‍ജിതം. അന്തര്‍വാഹിന കാണാതായ ന്യൂഫൗണ്ട് ലാന്‍ഡ് തീരത്ത് കൂടുതല്‍ കപ്പലുകള്‍ രക്ഷ പ്രവര്‍ത്തനത്തിന് എത്തി. സംഭവത്തില്‍ അന്തര്‍ വാഹിനി കണ്ടെത്താനാകുമെന്ന് കഴിഞ്ഞ ദിവസം വരെ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡിഷന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമെ ഓക്‌സിജന്‍ വിതരണം സാധ്യമാകുവെന്ന് അറിയിച്ചിരുന്നു.
അന്തര്‍വാഹിനിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഓക്‌സിജന്‍റെ അളവ് തീരുന്നതിന് മുമ്പ് രക്ഷപ്രവര്‍ത്തനം സാധ്യമാകുമെന്നും അന്തര്‍വാഹിനിയില്‍ കുടുങ്ങിയ അഞ്ച് പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരെന്ന് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു. നൂറു ശതമാനവും സഞ്ചാരികളെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓഷ്യന്‍ഗേറ്റ് അധികൃതര്‍. മേഖലയില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളത് രക്ഷ പ്രവര്‍ത്തനത്തിന് ഏറെ വെല്ലിവിളിയാണെന്ന് സമുദ്ര ശാസ്‌ത്രജ്ഞൻ ഡൊണാൾഡ് മർഫി പറഞ്ഞു.
കഴിഞ്ഞ ദിവസം ശബ്‌ദ തരംഗങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു എന്നാല്‍ ശബ്‌ദ തരംഗത്തിന്‍റെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
നഷ്‌ടമായത് കമ്പനി സിഇഒയെ: സമുദ്രത്തില്‍ അന്തര്‍വാഹിനി കാണാതായതിലൂടെ കമ്പനിക്ക് നഷ്‌ടമായത് സ്വന്തം സിഇഒയെയാണെന്ന് കമ്പനി ജീവനക്കാരിലൊരാള്‍ പറഞ്ഞു. സഞ്ചാരികള്‍ക്കൊപ്പം കമ്പനി സിഇഒ ആയ സ്റ്റോക്ക്‌ടണ്‍ റഷും അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്‌ചായണ് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ നിന്ന് അന്തര്‍വാഹിനി കാണാതായത്.
സഞ്ചാരികളുമായി ആഴക്കടലിലേക്ക് പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും പിന്നിട്ടപ്പോഴാണ് അന്തര്‍വാഹിനി കാണാതായത്. ഒന്നര ദിവസത്തേക്ക് കൂടിയുള്ള ഓക്‌സിജന്‍ വിതരണം മാത്രമെ അന്തര്‍വാഹിനിയില്‍ സജ്ജീകരിച്ചിട്ടുള്ളൂവെന്ന് ഇന്നലെ (ജൂണ്‍ 21) യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു.
അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങളുള്ളത്. ന്യൂഫൗണ്ട് ലാന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ ദൂരത്താണ് ടൈറ്റാനിക്ക് അവശിഷ്‌ടമുള്ളത്. ആഴമേറിയ സമുദ്ര ഭാഗമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഓഷ്യന്‍ഗേറ്റ് കമ്പനി അധികൃതര്‍ പറഞ്ഞു. യുഎസ് കോസ്റ്റ് ഗാര്‍ഡും കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.