വാഷിംഗ്ടണ്‍: ഫേസ്ബുക്ക് (Fcebook) ഇന്‍സ്റ്റഗ്രാം (Instagram) വാട്‌സ്ആപ്പ് (WhatsApp) എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ (Meta) വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി അമേരിക്കന്‍ ഡിജിറ്റല്‍ പ്രിന്‍റ് മാഗസിനായ ദി ഹോളിവുഡ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 28.8 ദശലക്ഷം ഡോളര്‍ വരും. മൂന്നാം പാദത്തിലെ വളർച്ച ഇനിയും കുറഞ്ഞേക്കുമെന്നാണ് പ്രവചനം.
വരുമാന വളർച്ചയിൽ ആദ്യത്തെ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മെറ്റയുടെ ബിസിനസ് പല മേഖലകളിലും വെല്ലുവിളികള്‍ നേരിടുന്നതായാണ് ഇതോടെ പുറത്തു വരുന്ന വിവരം. കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ മാത്രം 10 ബില്യൺ ഡോളറാണ് മെറ്റയ്ക്ക് ലഭിച്ചത്. എന്നാല്‍ കൊവിഡും റഷ്യ യുക്രൈന്‍ യുദ്ധം അടക്കമുള്ള സാഹചര്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് സാമ്പത്തിക രംഗത്ത് വരുത്തിയത്. ഇത് പരസ്യ വരുമാനം കുത്തനെ കുറയാന്‍ കാരണമായി. തങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നു എന്ന് കമ്പനി ഉടമ മാര്‍ക്ക് സക്കർബർഗ് (Mark Zuckerberg) തന്നെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനാല്‍ തന്നെ വരും വര്‍ഷങ്ങളില്‍ കമ്പനി ലക്ഷ്യമിട്ട ചില വലിയ നിക്ഷേപങ്ങള്‍ മുന്നോട്ട് വൈകാനാണ് സാധ്യത. കമ്പനിയിലെ ചില ടീമുകളെ ഉടന്‍ വികസിപ്പിച്ചേക്കില്ലെന്നും കമ്പനി അറിയിച്ചു. വാര്‍ത്തകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
മെറ്റയുടെ വരുമാനം കുറയുന്നുണ്ടെങ്കിലും, ഫേസ്ബുക്കിന്‍റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം മൂന്ന് ശതമാനം വർധിച്ച് 1.97 ബില്യണിലെത്തിയതായി മാര്‍ക്ക് സക്കർബർഗ് (Mark Zuckerberg) പറഞ്ഞു. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ ആപ്ലിക്കേഷനുകളുടെ സ്യൂട്ട് ഇപ്പോൾ 2.88 ബില്യൺ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ റിപ്പോർട്ട് ചെയ്തു. ഈ വർഷം മുമ്പുള്ളതിനേക്കാൾ നാല് ശതമാനം വർധനവുണ്ടായതായും കമ്പനി അവകാശപ്പെട്ടു.
അതേസമയം, ടിക് ടോക്കുമായി മത്സരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഹ്രസ്വ വീഡിയോകൾക്കും പോസ്റ്റുകൾക്കും ഊന്നൽ നൽകുന്നതിനായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം കമ്പനികള്‍ അറിയിച്ചു. റില്‍സ് ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ടെന്നും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.