കീവ് : റഷ്യൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 9,000 സാധാരണക്കാരെ മരിയുപോളിന് പുറത്തുള്ള മൻഹുഷ് ഗ്രാമത്തിൽ കണ്ടെത്തിയ ശ്‌മശാനത്തിൽ അടക്കം ചെയ്യാമെന്ന് മരിയുപോൾ മേയർ വാഡിം ബോയ്ചെങ്കോ. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമാണ് മരിയുപോളിൽ നടന്നത്. ‘ഇതാണ് പുതിയ ബാബി യാര്‍,’ 1941ല്‍ ഏകദേശം 34,000 യുക്രൈൻ ജൂതന്മാരെ നാസികള്‍ കൂട്ടക്കൊല ചെയ്ത സ്ഥലത്തെ പരാമര്‍ശിച്ച് മേയര്‍ പറഞ്ഞു.
അന്ന് ഹിറ്റ്ലർ ജൂതന്മാരെയും റോമാക്കാരെയും സ്ലാവുകളെയും (സ്ലാവിക് ഭാഷ സംസാരിക്കുന്ന ജനത) കൂട്ടക്കൊല ചെയ്‌തു. ഇപ്പോൾ പുടിൻ യുക്രൈൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നു. മരിയുപോളിൽ ഇതിനകം പതിനായിരക്കണക്കിന് സാധാരണക്കാരെ പുടിൻ കൊലപ്പെടുത്തി. ഇതിനെതിരെ ലോകമെമ്പാടുനിന്നും ശക്തമായ പ്രതികരണം ആവശ്യമാണ്. ഈ വംശഹത്യ അവസാനിപ്പിക്കണമെന്നും ബോയ്ചെങ്കോ ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.
മരിയുപോളിന് 20 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി മൻഹുഷ് ഗ്രാമത്തിന് സമീപം റഷ്യക്കാർ വലിയ കിടങ്ങുകൾ കുഴിച്ച് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവിടെ തള്ളിയിരിക്കുകയാണെന്നും അവരുടെ യുദ്ധക്കുറ്റങ്ങൾ മറച്ചുവയ്ക്കുകയാണെന്നും നേരത്തെ ബോയ്ചെങ്കോ ആരോപിച്ചിരുന്നു.
വ്യാഴാഴ്‌ച വൈകുന്നേരം യുക്രൈൻ മാധ്യമങ്ങൾ മാന്‍ഹൂഷിലെ കൂട്ട ശവക്കുഴിയുടെ ഉപഗ്രഹ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കീവിന് സമീപം ബുച്ചയില്‍ കണ്ടെത്തിയതിന് സമാനവും വലിപ്പമേറിയതുമായിരുന്നു ഈ ശവക്കുഴി. എന്നിരുന്നാലും ഈ ചിത്രങ്ങളുടെ കൃത്യത പരിശോധിക്കാനായിട്ടില്ല.