മാലദ്വീപ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് ഡെപ്യൂട്ടി മന്ത്രിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും നടത്തിയ അധിക്ഷേപ പരാമർശങ്ങളില്‍ വ്യക്തത വരുത്തി അടിയന്തിര നടപടിയെടുക്കണമെന്ന് എംപി മിക്കൈൽ നസീം. മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിനെ (Maldivian Foreign Minster Moosa Zameer) പാർലമെന്‍റിൽ വിളിച്ചുവരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ മാലദ്വീപ് സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
സംഭവത്തിൽ ആരോപണവിധേയരായവരെ ചോദ്യം ചെയ്യണമെന്നും എംപി പാർലമെന്‍ററി സമിതിയോട് അഭ്യർഥിച്ചിട്ടുണ്ട്. എക്‌സിലാണ് മിക്കൈൽ നസീം (Maldivian MP Mickail Naseem) ഇക്കാര്യം അറിയിച്ചത്. മോദിക്കെതിരെ സോഷ്യൽമീഡിയയിലൂടെ ആയിരുന്നു മാലദ്വീപ് മന്ത്രിമാർ ആക്ഷേപ പരാമർശം നടത്തിയത്. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. സംഭവത്തില്‍ മൂന്ന് ഉപമന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ ജനുവരി 7ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
സംഭവം ഇങ്ങനെ : ജനുവരി 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. എക്‌സില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെ ആയിരുന്നു മോദിയെ ആക്ഷേപിക്കുന്ന (Derogatory remarks on PM Modi) തരത്തിൽ മാലദ്വീപ് മന്ത്രിമാർ സോഷ്യല്‍ മീഡിയയിൽ പോസ്റ്റിട്ടത്. ഇത് മാലദ്വീപിന് ബദല്‍ വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കമാണെന്നായിരുന്നു മന്ത്രിമാരുടെ പോസ്റ്റ്.
യുവജന ശാക്തീകരണ ഉപമന്ത്രി മറിയം ഷിയൂണ, മല്‍ഷ ഷെരീഫ്, അബ്‌ദുല്ല മഹ്‌സൂൻ മാജിദ് എന്നിവരാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മോദിക്കെതിരെ അനാദരവ് കാട്ടിക്കൊണ്ട് ആക്ഷേപകരമായ വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയത്. മോദി(PM Modi) കോമാളി ആണെന്നും ഇസ്രയേലിന്‍റെ കളിപ്പാവ ആണെന്നുമടക്കം മന്ത്രി മറിയം ഷിയൂണ തന്‍റെ പോസ്റ്റിൽ പരാമര്‍ശിക്കുകയുണ്ടായി.
ഒട്ടേറെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇവർ പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. എന്നാൽ ഇത് മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് മാലദ്വീപ് സര്‍ക്കാര്‍ വിശദീകരണം നൽകിയത്. വിഷയത്തില്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ മാലദ്വീപിനെതിരെ ഇന്ത്യയിൽ നിന്ന് ഒട്ടേറെ വിമർശനങ്ങൾ ഉയർന്നു.
മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിഷയം മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ പരാമര്‍ശത്തില്‍ മാലദ്വീപ് സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചത്. ഇതിന് പിന്നാലെ മാലദ്വീപ് ബഹിഷ്‌കരിക്കുക (#BoycottMaldives) എന്ന ഹാഷ്‌ടാഗിൽ ഒരുപാട് ഇന്ത്യക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി പ്രമുഖരും ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്ന പ്രതികരണവുമായി രംഗത്തെത്തി.
Also read: ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഈസിമൈ ട്രിപ്പ്
മുൻ മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് മോദിക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു. മാലദ്വീപ് സർക്കാർ പ്രതിനിധികള്‍ ഇന്ത്യയ്‌ക്കെതിരെ 'വിദ്വേഷകരമായ ഭാഷ' ഉപയോഗിച്ചതിനെ അപലപിക്കുന്നതായി അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. ദ്വീപ് രാഷ്ട്രങ്ങളുമായി ന്യൂഡൽഹി എപ്പോഴും നല്ല ബന്ധത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.