മോസ്കോ: റഷ്യന്‍ സന്ദര്‍ശനത്തിനിടെ റഷ്യയുടെ ആണവ ബോംബറുകളും മറ്റ് യുദ്ധവിമാനങ്ങളും പരിശോധിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (Kim Jong Un inspects Russian Nuclear Bombers During Russia Visit). ട്രെയിനിൽ റഷ്യയിലെ ആർട്ടിയോം നഗരത്തിൽ എത്തിയ കിം തുടര്‍ന്ന് വ്ലാഡിവോസ്റ്റോക്കിന് പുറത്തുള്ള ഒരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്‌തു. ഇവിടെ വച്ചാണ് കിം ജോങ് ഉൻ വിമാനങ്ങള്‍ പരിശോധിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും റഷ്യയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഈ സമയം കിമ്മിനൊപ്പമുണ്ടായിരുന്നു.
യുക്രൈനിലേക്ക് നിരന്തരം ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ച Tu-160, Tu-95, Tu-22 ബോംബറുകൾ ഉൾപ്പെടെ കിമ്മിനെ കാണിച്ച എല്ലാ റഷ്യൻ യുദ്ധവിമാനങ്ങളും യുക്രൈൻ യുദ്ധത്തിൽ സജീവമായി ഉപയോഗിച്ചവയാണ്. റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലുകളിലൊന്നായ കിൻസാലും സെർജി ഷോയിഗു കിമ്മിനെ കാണിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ വ്ലാഡിവോസ്റ്റോക്കിൽ റഷ്യയുടെ പസഫിക് ഫ്ലീറ്റിലുള്ള പടക്കപ്പലുകളിലും, കൊംസോമോൾസ്ക്-ഓൺ-അമുറിലെ അത്യാധുനിക റഷ്യൻ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലും കിം സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയില്‍ നിന്ന് ഉത്തര കൊറിയ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്‍റെ സൂചകങ്ങളായാണ് ഈ സന്ദര്‍ശനങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസത്തിലേര്‍പ്പെടുന്ന ദക്ഷിണ കൊറിയയുടെ നാവിക ശക്തിയെ നേരിടാൻ തന്‍റെ നാവിക സേനയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കിം അടുത്തിടെ പലതവണ ഊന്നിപ്പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ, അന്തർവാഹിനികൾ, സൈനിക നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവ കരസ്ഥമാക്കാനും അവരുമായി സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിക്കാനുമാണ് കിമ്മിന്‍റെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: Putin Welcomes Kim Jong-Un കിം ജോങ് ഉന്നിന് സ്വാഗതമോതി പുടിൻ; അതിയായ സന്തോഷമെന്ന് പ്രതികരണം
1980 കളിൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വന്തമാക്കിയ യുദ്ധവിമാനങ്ങളെ ആശ്രയിക്കുന്ന ഉത്തരകൊറിയയുടെ കാലഹരണപ്പെട്ട വ്യോമസേനയെ നവീകരിക്കാനുതകുന്ന സൈനിക സഹകരണത്തിന് സാധ്യതയുള്ളതായാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊംസോമോൾസ്ക്-ഓൺ-അമുറിലെ എയർക്രാഫ്റ്റ് പ്ലാന്റ് സന്ദർശിച്ചപ്പോൾ റഷ്യയുടെ അതിവേഗം വികസിക്കുന്ന വ്യോമയാന സാങ്കേതിക വിദ്യകളോട് കിം ജോങ് ഉൻ ആത്മാർഥമായ മതിപ്പ് പ്രകടിപ്പിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസി പറഞ്ഞു.
18 മാസത്തെ യുദ്ധം മൂലം ചോർന്നൊലിച്ച തന്‍റെ 'വെടിമരുന്ന് സംഭരണശാലകൾ' വീണ്ടും നിറയ്‌ക്കാനുള്ള അവസരമാണ് പുടിനെ സംബന്ധിച്ചിടത്തോളം കിമ്മുമായുള്ള കൂടിക്കാഴ്‌ച. യുഎൻ ഉപരോധങ്ങളും വർഷങ്ങളായുള്ള നയതന്ത്ര ഒറ്റപ്പെടലുകളും അവസാനിപ്പിക്കാനുള്ള അവസരമായാണ് കിം ഈ കൂടിക്കാഴ്‌ചയെ കാണുന്നത്. നാല് വർഷത്തിന് ശേഷമുള്ള തന്‍റെ റഷ്യ സന്ദർശിക്കാനുള്ള തീരുമാനം, മോസ്‌കോയുമായുള്ള ബന്ധത്തിന്‍റെ തന്ത്രപരമായ പ്രാധാന്യത്തിന് പ്യോങ്‌യാങ് (ഉത്തര കൊറിയയുടെ തലസ്ഥാനം) എങ്ങനെ മുൻഗണന നൽകുന്നു എന്നതാണ് കാണിക്കുന്നതെന്ന് കിം പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തു.
Also Read: കാത്തിരിപ്പിന് വിരാമം; കിം ജോങ് ഉൻ പൊതു വേദിയിൽ എത്തി
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ നിന്ന് തന്‍റെ ആഡംബര ട്രെയിനിലാണ് കിം ജോങ് ഉന്‍ റഷ്യയിലേക്ക് പുറപ്പെട്ടത്. ട്രെയിനിൽ 1180 കിമീ സഞ്ചരിച്ച് കിം തുറമുഖ നഗരമായ വ്ലാഡിവോസ്ടോക്കിലെത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ ക്ഷണപ്രകാരമായിരുന്നു കിമ്മിന്‍റെ റഷ്യയിലെ ഔദ്യോഗിക സന്ദർശനം. നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും തമ്മിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത്. കൊവിഡ് മഹാമാരിയ്ക്കു ശേഷം കിം ജോങ് ഉൻ നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണ് ഇത്.